അറിയിപ്പുകൾ
മികവ് 2026 നാളെ (ജൂലൈ 11ന്)
എറണാകുളം നിയോജക മണ്ഡലത്തിൽടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന വിദ്യാഭ്യാസ പദ്ധതിയായ 'മികവ് 2026' ജൂലൈ 11 (ശനിയാഴ്ച )രാവിലെ 8 ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ അക്കാദമിക് എക്സലൻസ് അവാർഡ് ചടങ്ങാണ് 'മികവ് 2026'.വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം, മികച്ച പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ 'മികവ് 2026' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, സംസ്‌ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന വിശ്വപ്രസിദ്ധ മാന്ത്രികൻ സാമ്രാജിന്റെ പ്രത്യേക മാജിക് ഷോ വേദിയിൽ അരങ്ങേറും. കലയും സന്ദേശവും സമന്വയിപ്പിക്കുന്ന അവതരണം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ശക്തമായ ബോധവൽക്കരണം നൽകും.
വിദ്യാർത്ഥികളുടെ ഭാവി പഠന-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങൾ വിശദീകരിക്കുന്നതിനുമായി പ്രത്യേക കരിയർ ഗൈഡൻസ് ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മത്സര പരീക്ഷകൾ, ഉന്നത വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ മേഖലകളിലെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
എറണാകുളം നിയോജക മണ്ഡലത്തിലെ 1500ൽ അധികം വിദ്യാർത്ഥികൾ ചടങ്ങിൽ 'മികവ് 2026' എം.എൽ.എ അക്കാദമിക് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങും. സർക്കാർ സിലബസിലുള്ള വിദ്യാലയങ്ങളിൽ 100% വിജയം കരസ്‌ഥമാക്കിയ വിദ്യാലയങ്ങൾക്ക് പുരസ്‌കാരം നൽകും.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ജില്ലാ കളക്ടർ ജി പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാതല ദേശീയ മത്സ്യ കർഷക ദിനാചരണം ഇന്ന്
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ദേശീയ മത്സ്യ കർഷക ദിനാചരണം ശ്രീ. ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഫിഷറീസ് കോംപ്ലക്സിലെ അവെയർനസ് ഹാളിൽ ഇന്ന്(ജൂലൈ 10) ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ വി കെ മിനിമോൾ അധ്യക്ഷയാകും.
ഇന്ത്യയിൽ ആദ്യമായി പ്രേരിത പ്രജനനത്തിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയംവരിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് ദിനം ആചരിക്കുന്നത്. രാവിലെ 9:30-ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന ചടങ്ങിൽ, 10 മണിക്ക് എം.പി.ഇ.ഡി.എ ജൂനിയർ ടെക്നിക്കൽ ഓഫീസർ പി ബിജിമോൻ നയിക്കുന്ന ശാസ്ത്രീയ മത്സ്യകൃഷി സംബന്ധിച്ച ക്ലാസ്സ് ഉണ്ടായിരിക്കും.
പരിപാടിയിൽ എറണാകുളം ജില്ലയിലെ മുതിർന്ന കർഷകരെയും മികച്ച കർഷകരെയും ആദരിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി സുരേഷ് ബാബു, കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
- Log in to post comments