Skip to main content

ആറു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കി,എന്യൂമറേറ്ററെ അനുമോദിച്ചു

ജില്ലയിൽ ആദ്യമായി തിരുവനന്തപുരം താലൂക്ക് പരിധിയിലെ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിൽ എന്യൂമറേഷൻ നടപടികൾ പൂർത്തിയായി. എൽ.എം.എസ് എൽ.പി.എസ് വെങ്ങാനൂരിലെ അധ്യാപിക ഷെറിൻ സുമം ആണ് ഈ നേട്ടം കൈവരിച്ചത്.  ആറ് ദിവസം കൊണ്ട് ജോലി പൂർത്തിയാക്കിയ ഷെറിൻ സുമത്തെ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി അനുമോദിച്ചു. 

ഈ നേട്ടം മറ്റ് എന്യൂമറേറ്റർമാരും മാതൃകയാക്കണമെന്നും സമയബന്ധിതമായി സെൻസസ് പൂർത്തിയാക്കുന്നതിന് പരിശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് ജനങ്ങളുടെ പരിപൂർണമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. 

ജില്ലയിൽ നിലവിൽ ഷീല.കെ, മുനീർ. ഇ, സിബി.എസ്, ദിവ്യ എസ് മഹേന്ദ്രൻ എന്നീ എന്യൂമറേറ്റർമാർ സെൻസസ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. 

സെൻസസിൻ്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ  ജൂലൈ 30 വരെ തുടരും.  വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങൾ,  ആസ്‌തികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പാണ്. സെൻസസ് -2027-എച്ച്.എൽ.ഒ" എന്ന മൊബൈൽ ആപ്പാണ് ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിനായി ഉപയോഗിക്കുന്നത്.

date