ജില്ലാതല ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ 'കർമ്മസദൻ' ഓഡിറ്റോറിയത്തിൽ ജില്ലാതല ദേശീയ മത്സ്യകർഷക ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എ. ഡി. തോമസ് എം എൽ എ ചടങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മത്സ്യബന്ധന വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിൻ്റെ പ്രത്യേക വീഡിയോ സന്ദേശം മുഖ്യപ്രഭാഷണമായി പ്രക്ഷേപണം ചെയ്തു. മത്സ്യകർഷകരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും രാജ്യം ആദരിക്കുന്ന ദിനമാണിതെന്ന് മന്ത്രി തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുകയും ഏവർക്കും മത്സ്യകർഷക ദിനാശംസകൾ നേരുകയും ചെയ്തു.
വിദ്യാർത്ഥികളെയും യുവാക്കളെയും
മത്സ്യകൃഷിയിലേക്ക്
ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഇതിനായി ഉണ്ടാകുമെന്നും എ ഡി തോമസ് എം എൽ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ചന്ദ്രലേഖ ചടങ്ങിൽ മത്സ്യകർഷക ദിന സന്ദേശം നൽകി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ,
വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫിഷറീസ് മേഖലയിൽ മികച്ച വിജയം കൈവരിച്ച ജില്ലയിലെ കർഷകരെ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശുദ്ധജല മത്സ്യകർഷകൻ, ഓരുജല മത്സ്യകർഷകൻ, നൂതന മത്സ്യകർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറ മത്സ്യ വിത്ത് ഉത്പാദന കർഷകൻ, പ്രോഗ്രസ്സീവ് ഫിഷ് ഫാർമർ, അക്വാകൾച്ചർ മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് എന്നീ 7 വ്യത്യസ്ത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്കാണ് വേദിയിൽ വെച്ച് ജില്ലാതല അവാർഡുകൾ കൈമാറിയത്.
- Log in to post comments