ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണം: പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ
പദ്ധതിയിൽ കരാർ ഒപ്പുവെയ്‌ക്കാത്ത ഹൗസ് ബോട്ടുകൾക്ക് ജില്ലയിൽ സർവീസ് നടത്താൻ കഴിയില്ല
ജില്ലയിലെ ഹൗസ്‌ബോട്ടുകളിൽ നിന്നും തരംതിരിച്ച ഭക്ഷണമാലിന്യ ങ്ങളും പ്ളാസ്‌റ്റിക് മാലിന്യങ്ങളും കിയോസ്‌ക്കുകൾ സ്ഥാപിച്ച് ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) മുഖാന്തിരം ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. ജില്ലാ കളക്‌ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടേയും ഹൗസ്‌ബോട്ട് ഉടമ സംഘടനകളു ടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
നിലവിൽ 2019 മുതൽ സ്വകാര്യ ഏജൻസി മുഖാന്തിരം ആലപ്പുഴ പുന്നമട ഹൗസ് ബോട്ട് ടെർമിനലിൽ നിന്നും ബോട്ടുകളിലെ ജൈവ, അജൈവ മാലിന്യം നീക്കം ചെയ്‌ത് വരുന്നത് ഡി.ടി.പി.സി യാണ്. ഇതിന് ഹൗസ്‌ബോട്ടുകൾ യൂസർ ഫീ നൽകിയിരുന്നില്ല. പുതിയ പദ്ധതി പ്രകാരം മാലിന്യ ശേഖരണം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തു കയും ഹൗസ്‌ബോട്ടുകളിൽ നിന്ന് വാർഷിക യൂസർ ഫീസ് ഈടാക്കുകയും ചെയ്യും.
ഒന്നു മുതൽ രണ്ട് ബെഡ്‌റൂം വരെയുള്ള ഹൗസ്‌ബോട്ടുകൾക്ക് 8,260 രൂപയും, മൂന്ന് മുതൽ അഞ്ച് ബെഡ്‌റൂം വരെയുള്ള ഹൗസ്‌ബോട്ടുകൾക്ക് 17,700 രൂപയും, 6 മുതൽ പത്ത് ബെഡ്‌റൂം വരെയുള്ള ഹൗസ്‌ബോട്ടുകൾക്ക് 35,400 രൂപയും പത്തിൽ കൂടുതൽ ബെഡ്‌റൂം ഉള്ള ബോട്ടുകൾക്ക് 53,100 രൂപയുമായിരിക്കും വാർഷിക യൂസർ ഫീസ്.
ഹൗസ്‌ബോട്ട് ഉടമ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിക്കുന്ന പുന്നമട സ്‌റ്റാർട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ്, പുന്നമട തട്ടുങ്കൽ, പുന്നമട മല്ലൻ ഡോക്ക്, ചുങ്കം പള്ളാത്തുരുത്തി, പള്ളാത്തു രുത്തി ടെർമിനൽ എന്നീ 6 സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിൽ പ്രത്യേകം മാലിന്യ ശേഖരണ കിയോസ്‌ക്ക് സ്ഥാപിക്കുകയും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 11 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും സ്വകാര്യ ഏജൻസി മുഖാന്തിരം ഡി.ടി.പി.സി മാലിന്യ ശേഖരണം നടത്തുകയും ചെയ്യും. ഇതിനുള്ള സ്വകാര്യ ഏജൻസിയെ താത്പര്യപത്രം ക്ഷണിച്ച് ഡി.ടി.പി.സി തിരഞ്ഞെടുത്തിരുന്നു.
ജില്ലയിൽ സർവ്വീസ് നടത്തുന്ന എല്ലാ ഹൗസ്‌ബോട്ടുകളും വാർഷിക യൂസർ ഫീസ് 2026 ജൂലൈ 31 ന് മുൻപ് ഡി.ടി.പി.സി യിൽ മുൻകൂറായി അടച്ച് കരാർ ഒപ്പു വെയ്‌ക്കണം. മാലിന്യ ശേഖര പദ്ധതിയിൽ കരാർ ഒപ്പുവെയ് ക്കാത്ത ഹൗസ് ബോട്ടുകൾക്ക് ആലപ്പുഴയിൽ സർവീസ് നടത്താൻ കഴിയില്ല.
കൃത്യമായി മാലിന്യം കൈമാറുന്നവർക്ക് എല്ലാ മാസവും ഡി.ടി.പി.സി സർട്ടിഫിക്കറ്റ് നൽകും. ഡി.ടി.പി.സി നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഹൗസ്‌ബോട്ടുകൾക്ക് മാത്രമേ മലിനീകരണ നിയന്ത്രണബോർഡിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ്, തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് ഒന്നു മുതൽ ലഭിക്കൂ.
യോഗത്തിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം നൗഫൽ, കൗൺസിലർ ജോഷി രാജ്, എ.ഡി.എം സി പ്രേംജി, ഡിടിപിസി സെക്രട്ടറി അജേഷ് കെ ജെ,മറ്റ് ഉദ്യോഗസ്ഥർ, ഹൗസ്‌ബോട്ട് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.
- Log in to post comments