Skip to main content

സെൻസസ് എന്യൂമറേഷൻ: കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്ത്   റെക്കോർഡ് നേട്ടം കൈവരിച്ച്  ബിനു ചന്ദ്രൻ

 

ജൂലൈ ഒന്നിന് ആരംഭിച്ച് ജൂലൈ 30-ഓടെ അവസാനിക്കേണ്ടിയിരുന്ന സെൻസസ് പ്രവർത്തനങ്ങൾ, വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അതീവ കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്ത് തന്നെ മാതൃകാപരമായ റെക്കോർഡ് നേട്ടം കൈവരിച്ച് കായംകുളം സ്വദേശി  ബിനു ചന്ദ്രൻ.

ആറൻമുള എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വകുപ്പ് ഇൻസ്‌ട്രക്ടറാണ് ബിനു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ 263 കെട്ടിടങ്ങളുടെ സെൻസസ് എന്യൂമറേഷനാണ് ബിനു റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.

വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ദൗത്യം വിജയകരമായി അവസാനിപ്പിച്ച ബിനു ചന്ദ്രനെയും സൂപ്പർവൈസർ എൻ.കെ. ദീപയെയും ജില്ലാ കളക്ടർ ഷാജി വി. നായർ  ചേമ്പറിൽ  ആദരിച്ചിരുന്നു..

കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണ് ബിനുവിനെ ഈ നേട്ടത്തിന് അർഹനാക്കിയതെന്നും മറ്റു സെൻസസ് എന്യൂമറേറ്റർമാർക്ക് ബിനു മികച്ചൊരു മാതൃകയാണെന്നും ജില്ലാ കളക്ടർ പ്രശംസിച്ചു.

വാട്സ്ആപ്പ് കൂട്ടായ്മയും ക്യാമ്പും 

പരമാവധി കുടുംബങ്ങളെക്കൊണ്ട് 'സെൽഫ് എന്യൂമറേഷൻ' (സ്വയം വിവരശേഖരണം) ചെയ്യിക്കുക എന്നതായിരുന്നു ബിനു സ്വീകരിച്ച തന്ത്രം. ഇതിനായി തൻ്റെ പരിധിയിലുള്ള താമസക്കാരെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജൂൺ 27-ന് പ്രത്യേക സെൻസസ് ക്യാമ്പും സംഘടിപ്പിച്ചു.
ബോധവൽക്കരണം ശക്തമാക്കിയതോടെ ജൂൺ 30-നകം തന്നെ 150-ഓളം കെട്ടിട ഉടമകൾ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ജൂലൈ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങൾ അതിർത്തി നിർണ്ണയത്തിനായി നീക്കിവെച്ചതാണെങ്കിലും, അതിനോടൊപ്പം തന്നെ ബാക്കി എന്യൂമറേഷൻ നടപടികളും ബിനു പൂർത്തിയാക്കുകയായിരുന്നു. നൂതനമായ ഈ പ്രവർത്തന ശൈലിയാണ്  ഈ നേട്ടത്തിലേക്ക് ബിനു ചന്ദ്രനെ എത്തിച്ചത്

date