*കള്ളാടി മണ്ണിടിച്ചിൽ; ഹിമാചൽ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു*
കള്ളാടി മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള ഹിമാചൽപ്രദേശ് സ്വദേശിക്കായി ശനിയാഴ്ചയും വ്യാപക തിരച്ചിൽ നടത്തി. ദേശീയ ദുരന്ത പ്രതികരണ സേന, പോലീസിൻ്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, അഗ്നിശമന സേന വിഭാഗങ്ങളിൽ നിന്നുള്ള 50 അംഗ സംഘം മീനാക്ഷി പുഴയിൽ ആറ് കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ പ്രദേശത്തെ സോൺ രണ്ട്, സോൺ നാല് കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തീവ്ര പരിശോധനയും നടത്തി. പ്രദേശത്ത് ഇന്നും (ജൂലൈ 12) വ്യാപക പരിശോധന തുടരും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 70 അംഗ സംഘത്തിനൊപ്പം അഗ്നിശമന സേന, പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. തിരച്ചിലിൻ്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, വിവിധ സേന വിഭാഗത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments