സിറ്റിംഗ് നടത്തി
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി നിയമം മൂലം രൂപീകൃതമായ കേരള സംസ്ഥാന വയോജന കമ്മീഷൻ സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ അന്തേവാസികളായ വയോജനങ്ങളെ നേരിൽ കേൾക്കുന്നതിനും പൊതുവായ പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുന്നതിന്റെയും ഭാഗമായി ജൂലൈ 13 തിരുവനന്തപുരം സെൻട്രൽ ജയിൽ സന്ദർശിക്കുകയുണ്ടായി. വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ. സോമപ്രസാദും മറ്റു കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ. എൻ. കെ. നമ്പൂതിരി, പ്രൊ. ലോപ്പസ് മാത്യു എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു. സെൻട്രൽ ജയിലിലെ അന്തേവാസികളായ വയോജന വിഭാഗത്തിലുള്ള 150ലധികം പേർ സിറ്റിങ്ങിൽ പങ്കെടുക്കുകയും വ്യക്തിപരമായും കുടുംബപരമായും അവർ നേരിടുന്ന വിഷയങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. വയോജനങ്ങളിൽ നിന്നും 15ലധികം രേഖാമൂലമുള്ള അപേക്ഷകൾ കമ്മീഷന് ലഭിക്കുകയുണ്ടായി. സെൻട്രൽ ജയിലിൽ അന്തേവാസികളായ വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ ഇടപെടൽ ആവശ്യമായ വിഷയങ്ങളിന്മേലുള്ള ശുപാർശകൾ സർക്കാരിന് സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പി.എൻ.എക്‌സ്. 2540/2026
- Log in to post comments