കോറോ ഹെൽത്ത് പിരിച്ചുവിടൽ: അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാരും ഐ ടി കമ്പനികളുടെ കൂട്ടായ്മയും
*പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐ ടി കമ്പനികളിൽ പുനർനിയമനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജിടെക് അറിയിച്ചതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
കോറോ ഹെൽത്ത് കമ്പനിയിൽനിന്ന് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാരും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി വ്യവസായ-ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ജിടെക്കിന്റെ പ്രതിനിധികളും ചർച്ച നടത്തിയതിനെ തുടർന്ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളുണ്ടായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കമ്പനികളിൽ പുനർനിയമനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജിടെക് പ്രതിനിധികൾ അറിയിച്ചതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊഴിൽ നഷ്ടപെട്ട ജീവനക്കാരുടെ പ്രൊഫൈലുകൾ ജിടെക് അംഗങ്ങളായ കമ്പനികൾക്ക് എത്രയും വേഗം കൈമാറുമെന്നും നിലവിൽ വിവിധ കമ്പനികളിലുള്ള ഒഴിവുകൾക്ക് അനുസരിച്ച് യോഗ്യരായ ജീവനക്കാരെ പരമാവധി ഉൾക്കൊള്ളാൻ ശ്രമിക്കുമെന്നും അപ്രതീക്ഷിതമായി പ്രതിസന്ധിയിലായ ജീവനക്കാരെ സഹായിക്കാൻ കൂട്ടായ്മയുടെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ ഉണ്ടാകുമെന്നും ജിടെക് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്. 2568/2026
- Log in to post comments