നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതുജീവൻ; കാക്കനാട്ടെ സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ് നൂറിലധികം കുടുംബങ്ങൾക്ക് കൈത്താങ്ങായി
അപകടങ്ങളിൽ കൈമുട്ടിന് താഴെ കൈ നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകി റോട്ടറി ഡിസ്ട്രിക്റ്റ് 3205, റോട്ടറി ക്ലബ് ഓഫ് കളമശ്ശേരി, എറണാകുളം ജില്ലാ പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെക്കാനിക്കൽ കൃത്രിമ കൈ വിതരണ ക്യാമ്പ് ശ്രദ്ധേയമായി. അമേരിക്കയിലെ എല്ലൻ മേഡോസ് പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൈപ്പത്തി തുറക്കാനും അടയ്ക്കാനും കഴിയുന്ന ഈ മെക്കാനിക്കൽ കൈകൾ വഴി ദൈനംദിന ജോലികളിൽ 80 ശതമാനവും സ്വയം ചെയ്യാൻ സാധിക്കും. കൈമുട്ടിന് താഴെ കുറഞ്ഞത് 4 ഇഞ്ച് നീളമുള്ളവർക്കാണ് ഈ സേവനം ലഭ്യമാക്കിയത്.
മകളുടെ കൈ പിടിക്കാം, അതാണ് സന്തോഷം
"രണ്ട് വർഷം മുൻപ് ഫാക്ടറി അപകടത്തിൽ കൈ നഷ്ടപ്പെട്ടപ്പോൾ ജീവിതം തീർന്നെന്ന് കരുതി. ഇന്ന് ഈ കൃത്രിമ കൈ കിട്ടിയപ്പോൾ മകളുടെ കൈ പിടിച്ച് സ്കൂളിൽ കൊണ്ടുപോകാമല്ലോ എന്നോർക്കുമ്പോഴാണ് സന്തോഷം" – ക്യാമ്പിലെത്തിയ ഒരു ഗുണഭോക്താവിന്റെ ഈ വാക്കുകൾ അവിടെയുണ്ടായിരുന്ന ഏവരുടെയും കണ്ണുനിറയിച്ചു.
സ്വന്തമായി ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നവർക്ക് ഈ കൈത്താങ്ങ് ഒരു രണ്ടാം ജന്മമായി മാറി. കൃത്രിമ കൈ ഘടിപ്പിച്ചയുടൻ സന്തോഷക്കണ്ണീരോടെ നന്ദി പറഞ്ഞ ഗുണഭോക്താക്കൾ ക്യാമ്പിനെ വികാരനിർഭരമാക്കി. സഹതാപമല്ല, മറിച്ച് സ്വയംപര്യാപ്തതയാണ് വൈകല്യങ്ങൾക്കുള്ള മറുപടിയെന്ന സന്ദേശമാണ് ക്യാമ്പ് നൽകിയത്.
വിദഗ്ധ സംഘത്തിന്റെ നേതൃത്വം
യുകെയിലെ എൽ എൻ 4 ഫൗണ്ടേഷൻ പ്രതിനിധികളായ ഡേവിഡ് മെടാടെ, മൈക്കിൾ ഫോസ്റ്റർ, നിതാൻ ഗ്രാഹി, ചാൾസ് ബിഡ്, ഇന്ത്യൻ പ്രതിനിധികളായ ഡോ. കീർത്തി ദേശ്പാണ്ഡെ, ഡോ. സുകന്യ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ഓരോരുത്തർക്കും കൃത്യമായ അളവെടുത്ത്, പരിശീലനം നൽകി കൃത്രിമ കൈകൾ ഘടിപ്പിച്ചു നൽകിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, റോട്ടറി ഗവർണർ ഡോ. ജി.എൻ. രമേശ്, റോട്ടറി ക്ലബ് പ്രസിഡന്റ് അശോക് നായർ, മുൻ ഗവർണർ സുനിൽ കെ. സക്കറിയ, ക്ലബ്ബ് സെക്രട്ടറി സക്കറിയ എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രതിനിധികളായ ശ്രീദേവി മധു, ടി.എസ്. സുമയ്യ, അനിത, ക്യാമ്പ് കോർഡിനേറ്റർമാരായ തോമസ് വർഗീസ്, സുരേഷ് ബാബു, നാരായണമേനോൻ എന്നിവർ പങ്കെടുത്തു.
- Log in to post comments