അപൂർവനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി യൂറോളജി വിഭാഗം
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ മൂത്രസഞ്ചിയിൽ തുളച്ചുകയറിയ പത്തു സെന്റിമീറ്റർ നീളമുള്ള പെൻസിൽ വിജയകരമായി നീക്കം ചെയ്ത് എറണാകുളം ജനറൽ ആശുപത്രി യൂറോളജി വിഭാഗം. എറണാകുളം സ്വദേശിയായ മാനസിക വെല്ലുവിളി നേരിടുന്ന 32 വയസ്സുള്ള യുവതിയുടെ മൂത്രസഞ്ചിയിൽ നിന്നാണ് 10 സെന്റിമീറ്റർ നീളമുള്ള പെൻസിൽ വിജയകരമായി നീക്കം ചെയ്തത്.
കഴിഞ്ഞ മൂന്നു മാസമായി അടിവയറ്റിൽ കഠിനമായ വേദന, മൂത്രത്തിൽ രക്തം പോകൽ, ഇടയ്ക്കിടയുണ്ടാവുന്ന മൂത്രനാളിയിലെ അണുബാധ എന്നിങ്ങനെയുള്ള അവസ്ഥയുമായിട്ടാണ് യുവതി ഡോക്ടറെ സമീപിച്ചത്. എൻഡോസ്കോപ്പിക് പരിശോധനയിൽ, മൂത്രസഞ്ചിയിൽ പെൻസിൽ തുളച്ചുകയറിയതായി കണ്ടെത്തി.
യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അനസ്തേഷ്യ ഡോക്ടർമാരായ ഡോ. അഞ്ജുരാജ്, ഡോ. അഞ്ജന കെ. ഇ., ജൂനിയർ ഡോക്ടർ കാർത്തിക, സീനിയർ നേഴ്സ് സിനി, നഴ്സിംഗ് ഓഫീസർമാരായ ടിൻ റു ചിന്നു , പ്രീനു, ആശ, പ്രിയ, അനസ്തേഷ്യ ടെക്നീഷ്യൻമാരായ റാഷിദ് അലീന, നഴ്സിംഗ് അസിസ്റ്റൻറുമാരായ ബിനോയ്, ഷൈമോൾ എന്നിവരാണ് ശസ്ത്രക്രിയ ടീമിൽ ഉണ്ടായിരുന്നത്. ടീമിനെ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് കെ എൻ അഭിനന്ദിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ അമ്പതിനായിരത്തോളം രോഗികൾക്ക് യൂറോളജി സംബന്ധമായ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾ ഇതിനോടകം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകൾ എല്ലാം തന്നെ 90 ശതമാനം രോഗികൾക്കും സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികളിലൂടെ പൂർണമായും സൗജന്യമായിട്ടാണ് നൽകിവരുന്നത് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
- Log in to post comments