Skip to main content

പുസ്തകാസ്വാദന മത്സരം: പുരസ്കാരങ്ങൾ വിതരണം ചെയ്തു  

 

വായനശാലാ വിപ്ലവം തിരിച്ചു പിടിക്കണം: ജില്ലാ കളക്ടർ

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്തത്രയും വലിയൊരു സാംസ്കാരിക മുന്നേറ്റമായിരുന്നു കേരളത്തിലെ വായനശാലാ വിപ്ലവമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക.  ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തകാസ്വാദന മത്സര സമ്മാന വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.

 

പുസ്തകങ്ങൾക്ക് പകരമായി മൊബൈൽ സ്ക്രീനുകൾ മാറുമ്പോൾ, നമ്മുടെ അഭിമാനമായിരുന്ന വായനശാലാ പ്രസ്ഥാനങ്ങൾ പതുക്കെ വിസ്മൃതിയിലാവുകയാണ്.
നമ്മുടെ വായനാശീലം ശക്തമായി തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതമാണ്. മാതൃഭാഷ കൃത്യമായി മനസ്സിലാക്കാനും ആശയവിനിമയ ശേഷിയും ഭാവനയും വർദ്ധിപ്പിക്കാനും വായനയോളം പോന്ന മറ്റൊരു മാർഗ്ഗവുമില്ല.
​ശാസ്ത്രീയമായി നോക്കിയാൽ, പുസ്തക വായന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ന്യൂറോൺ കണക്ഷനുകളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. നമുക്കായി ഇതിനകം ലോകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള വലിയൊരു വിജ്ഞാനശേഖരമാണ് വായനയിലൂടെ ഓരോരുത്തരിലേക്കും നേരിട്ടെത്തുന്നത്. മാത്രമല്ല, നല്ല പുസ്തകങ്ങൾ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും ഇതര മാനസികാരോഗ്യ പ്രശ്നങ്ങൾക്കും മികച്ചൊരു സ്വയംചികിത്സയായി മാറുന്നു. അതുകൊണ്ട് മൊബൈൽ സ്ക്രീനുകളുടെ ലോകത്ത് നിന്ന് പുസ്തകങ്ങളുടെ താളുകളിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രാദേശിക വായനശാലകളെ വീണ്ടും സജീവമാക്കിക്കൊണ്ടവായനാ വിപ്ലവകാലം നമുക്ക് ഒരുമിച്ച് തിരികെപ്പിടിക്കാമെന്നും
ജില്ലാ കളക്ടർ പറഞ്ഞു.

 

മത്സരത്തിൽ എറണാകുളം സെൻ്റ് തെരേസാസ് സി ജി എച്ച് എസ് സ്കൂളിലെ ഡോ. കെ പി രജനി ഒന്നാം സ്ഥാനത്തിനും ത്യക്കാക്കര എസ് എൻ യു പി സ്കൂളിലെ സ്മിതാ ഗോപിനാഥ് രണ്ടാം സ്ഥാനത്തിനും കാക്കനാട് അനലിറ്റിക്കൽ ലാബിലെ ജൂനിയർ റിസർച്ച് ഓഫീസർ എം കെ കേശവൻ നമ്പൂതിരി, മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാബു തോമസ് എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ് അധ്യക്ഷനായി. നോവലിസ്റ്റും ചെറുകഥാകൃത്തും പൊയട്രി ഇൻസ്റ്റലേറ്ററുമാ വിനോദ് കൃഷ്ണ മുഖ്യാതിഥിയായി. ജില്ലാ വിദ്യാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ,  പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതവും അസി. എഡിറ്റർ രമ്യ എ.ടി. നന്ദിയും പറഞ്ഞു.

date