സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ചു ഒരു ഓട്ടോയും ഓടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
-ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം
-"മയക്കുമരുന്ന് ലഹരിക്കെതിരായ പോരാട്ടം ഇന്ന് നടത്തിയില്ലെങ്കിൽ നാളെ പശ്ചാത്തപിക്കേണ്ടി വരും"
സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ചു ഒരു ഓട്ടോറിക്ഷയും ഓടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. "പത്തും പതിനെട്ടും കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകൾ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല. കുട്ടികളെ കുത്തിനിറച്ചു ഒരു ഓട്ടോയും ഇനി ഓടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്," മയക്കുമരുന്ന് ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിന്റെ ഇരിക്കൂർ നിയോജകമണ്ഡലംതല പരിപാടി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് ലഹരിക്കെതിരായ പോരാട്ടം ഇന്ന് നടത്തിയില്ലെങ്കിൽ നാളെ നാം പശ്ചാത്തപിക്കേണ്ടി വരും. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം. ഓപ്പറേഷൻ തൂഫാനെ തുടർന്ന് ലഹരി കിട്ടാതായതോടെ ചിലർ മാരകരോഗങ്ങൾക്കുള്ള മരുന്ന് വാങ്ങി കുത്തിവെക്കുകയാണ്. ഇത് തടയാൻ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകി കഴിഞ്ഞു.
ഓപ്പറേഷൻ തൂഫാനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത് മക്കൾ വഴിതെറ്റരുതെന്ന് കരുതുന്ന അമ്മമാരാണ് എന്ന് ചൂണ്ടികാട്ടിയ മന്ത്രി ഇതിനായി 24x7 പ്രയത്നിക്കുന്ന പോലീസിനെ മുക്തകണ്ഠം
പ്രശംസിച്ചു. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും വരുന്ന മയക്കുമരുന്ന് വിപണന ശക്തികളെ കേരള പോലീസ് നേരിടും.
ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 70 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടി. 7,000 പേരെ അറസ്റ്റ് ചെയ്യുകയും 6500 ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ലഹരിക്ക് അടിപ്പെട്ട 60 മുതൽ 70 വരെ ആളുകളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടി എസ്തേർ അനിൽ മുഖ്യാതിഥിയായി. ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികളെ ഓപ്പറേഷൻ തൂഫാൻ ബാഡ്ജ് അണിയിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇ. വി രാമകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ ടി. കെ, നടുവിൽ, ഇരിക്കൂർ, ചെങ്ങളായി, ആലക്കോട്, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യഥാക്രമം മോളി സജി, സി.കെ മുഹമ്മദ് മാസ്റ്റർ, വിപിന ബി.പി, പ്രിൻസി ബോബി, ടെസി ബെന്നി, സിന്ധു ബെന്നി, സിജി സണ്ണി, എരുവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തൊലാനി, ജോജി വട്ടോളിൽ, വാർഡ് അംഗം പി നൂറുദ്ധീൻ, ഡി.ഇ.ഒ ഇൻ-ചാർജ് രവീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.
കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ടി. എം രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധത പ്രമേയമാക്കി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
നേരത്തെ ശ്രീകണ്ഠപുരം ബസ് സ്റ്റാന്റിന് സമീപം നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത വൻ ബഹുജന റാലി സ്കൂളിലേക്ക് നടന്നു.
- Log in to post comments