Skip to main content

സ്വാതന്ത്ര്യദിനാഘോഷം: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സല്‍ ഓഗസ്റ്റ് 11, 13 തീയതികളില്‍ നടക്കും. രാവിലെ 7.30 ന് ഗ്രൗണ്ടിലെത്തി 8 മണിക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. പരേഡിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകളെ ചുമതലപ്പെടുത്തി.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി പരേഡ് ഗ്രൗണ്ടില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഈ മാസം 30 നകം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ബാന്‍ഡ്, എന്‍സിസി, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ജില്ലാ പോലീസ് മേധാവിക്കായിരിക്കും പരേഡിന്റെ ഏകോപന ചുമതല. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍വഹിക്കും. റിഹേഴ്‌സല്‍ നടക്കുന്ന ദിവസങ്ങളിലും 15 നും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം സജ്ജമായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ പ്രമുഖ വ്യക്തികളെ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, പോലീസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, മോട്ടോര്‍ വാഹന വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date