കണ്ടല്ലൂർ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കണം: മന്ത്രി എം ലിജു *മന്ത്രിയുടെ നേതൃത്വത്തിൽ കായംകുളം മണ്ഡലത്തിലെ പദ്ധതികളുടെ അവലോകനം നടത്തി
കണ്ടല്ലൂർ പഞ്ചായത്ത് 13, 14 വാർഡുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം മണ്ഡലത്തിലെ വിവിധ പദ്ധതികൾ സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട് ദിവസമായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് യോഗത്തിൽ റിപ്പോർട്ട് തേടി. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നത് വരെ ടാങ്കറിൽ പ്രദേശത്ത് കുടിവെള്ളമെത്തിക്കണം. കായംകുളം മണ്ഡലത്തിലെ കുടിവെള്ള വിതരണം സംബന്ധിച്ച് പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. കുടിവെള്ള വിതരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി ജില്ലാ കളക്ടർക്ക് യോഗത്തിൽ നിർദേശം നൽകി.
ജനങ്ങളുടെ പരാതികളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർണമായ നടപടി സ്വീകരിക്കണം. മണ്ഡലത്തിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആത്മാർഥമായ ശ്രമമുണ്ടാവണം. മണ്ഡലത്തിൽ ഒരോ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും കൃത്യവും വിശദവുമായ പുരോഗതി റിപ്പോർട്ട് അടുത്ത യോഗത്തിൽ അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കായംകുളം മണ്ഡലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും മണ്ഡലത്തിലെ തോടുകളുടെയും ഇടത്തോടുകളുടെയും പട്ടികയുണ്ടാക്കി അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പദ്ധതികൾ എന്നിവ സംബന്ധിച്ച് പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളെ മന്ത്രി ചുമതലപ്പെടുത്തി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ ഹൃസ്വകാല, ദീർഘകാല പദ്ധതികൾ സമർപ്പിക്കാൻ ദേശീയ പാത ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. മണ്ഡലത്തിലെ പി ഡബ്ല്യുഡി റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൽ എസ് ജി ഡി, ഇറിഗേഷൻ എന്നിവയുടെ സംയുക്തയോഗം വിളിക്കാൻ പി ഡബ്ല്യുഡി നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. കൂടാതെ ഡ്രെയിനേജ് ഉള്ളതും ഇല്ലാത്തതുമായ മണ്ഡലത്തിലെ പി ഡ ബ്ല്യു ഡി റോഡുകളുടെ പട്ടിക തയ്യാറാക്കാൻ നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കരിപ്പുഴ തോട് നവീകരണത്തിന് സമ്പൂർണ്ണ പ്രൊജക്ട് തയ്യാറാക്കാൻ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് മന്ത്രി നിർദേശിച്ചു. കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിൽ ഓരുവെളളം കയറുന്നത് ശാശ്വതമായി പരിഹരിക്കാൻ പഠനം നടത്തി പദ്ധതി തയ്യാറാക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളെ ചുമതലപ്പെടുത്തി. ആരോഗ്യം, കെ എസ് ഇ ബി, എക്സൈസ്, ഹാർബർ എഞ്ചിനീയറിങ്, എസ് സി എസ് ടി, പൊതുമരാമത്ത്, എൽ എസ് ജി ഡി, ദുരന്തനിവാരണം, ഡിറ്റിപിസി തുടങ്ങിയ വിവിധ വകുപ്പുകളുടെ മണ്ഡലത്തിലെ പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു.
ജില്ലാ കളക്ടർ ഷാജി വി നായർ, എഡിഎം സി പ്രേംജി, പ്ലാനിങ് ഓഫീസർ കലാമുദ്ധീൻ, ഫിനാൻസ് ഓഫീസർ അജയാനന്ദ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments