*ഗോളടിച്ച് പഠിക്കാം മാലിന്യ സംസ്കരണം; ജില്ലയിൽ വേറിട്ട ക്യാമ്പയിന് തുടക്കം*
ഫുട്ബോൾ ആവേശത്തിനൊപ്പം മാലിന്യ സംസ്കരണത്തിന് കൈകോർക്കുന്ന വേറിട്ട മാതൃകയുമായി ജില്ലാ ശുചിത്വ മിഷൻ. ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ ഭാഗമായി മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നാലായി തരംതിരിക്കാൻ കുട്ടികളെയും പൊതുജനങ്ങളെയും ബോധവത്ക്കരിക്കുന്നതിന് ശുചിത്വമിഷൻ ആവിഷ്കരിച്ച നല്ല നാല് വർത്തമാനം ക്യാമ്പയിന്റെ ഭാഗമായാണ് ബിൻ വിൻ ഗോൾ ചലഞ്ച് സംഘടിപ്പിച്ചത്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി സംസ്ഥാന സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ അർപ്പിത സാറ ബിജു ഉദ്ഘാടനം ചെയ്തു.
ഗോളടിക്കുന്നതിലൂടെ മാലിന്യ സംസ്കരണത്തിന്റെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. ജൈവ, അജൈവ, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാലിന്യങ്ങൾ സൂചിപ്പിക്കുന്ന നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഗോൾ പോസ്റ്റുകളാണ് മത്സരത്തിനായി ഒരുക്കിയത്. കൃത്യമായ പോസ്റ്റുകളിലേക്ക് ഗോളടിച്ച് വിജയിക്കുന്നതിലൂടെ മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ക്യാമ്പയിനിലൂടെ സാധിക്കും. പരിപാടിയിൽ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ വി.യു ജോബി, ടെക്നിക്കൽ കൺസൾട്ടന്റ് എസ് ശ്രീനിഷ്, സ്കൂൾ ഹെഡ്മാസ്റ്റർ, അധ്യാപകർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വേറിട്ട ചലഞ്ച് കുട്ടികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
- Log in to post comments