ജോര്‍ജ്ജ്കുട്ടി കാരപ്പറമ്പില്‍ അനുസ്മരണം നടത്തി
കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് (കെ.എഫ്.ബി) സ്ഥാപകനേതാവും 30 വര്‍ഷത്തോളം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ജോര്‍ജ്ജ്കുട്ടി കാരപ്പറമ്പിലിന്റെ പതിനൊന്നാമത് ചരമദിനം ആചരിച്ചു. കെ.എഫ്.ബി മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ സാക്ഷരതാമിഷനും ചേര്‍ന്ന് സിവില്‍ സ്റ്റേഷനിലെ 'നറുമൊഴി ഇ-ബുക്ക് ലൈബ്രറി'യിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് എം. സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ് ആമുഖപ്രഭാഷണവും, മുന്‍ ജില്ലാ ഭാരവാഹി രവി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കെ.എഫ്.ബി ഭാരവാഹികളായ ഫൈസല്‍. വി, മുര്‍ഷിദ്, അനസ്, അസി. കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സാക്ഷരതാമിഷന്‍ ദീപ്തി ബ്രെയില്‍ പഠിതാക്കളും ഡിജിറ്റല്‍ സാക്ഷരതാ പഠിതാക്കളുമടക്കം മുപ്പതോളം കാഴ്ചപരിമിതര്‍ പങ്കെടുത്തു.
- Log in to post comments