Skip to main content

ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത്  തൃക്കൊടിത്താനം ഡിവിഷന്‍,മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്(ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്(കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന്(ജൂലൈ21 ചൊവ്വാഴ്ച) പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനായി സ്വീകരിക്കും. പട്ടികയിലുള്‍പ്പെട്ടവരുടെ പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷ(ഫോം 5) ഓണ്‍ലൈനായി നല്‍കുന്നതിനോടൊപ്പം പ്രന്റ് ഔട്ട് എടുത്ത് ഒപ്പിട്ടശേഷം അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍( ഇ.ആര്‍.ഒ) മാര്‍ക്ക് നേരിട്ടോ തപാലിലോ നല്‍കണം. ഓഗസ്റ്റ് 19ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനമാറ്റത്തിനും ഉള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിന് 2026 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ്  പൂര്‍ത്തിയായിരിക്കണം  ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തയ്യാറെടുപ്പുകള്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. 
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. ബിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.  

date