Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 ​ക്ലോത്തിംഗ് ആൻ്റ് ഫാഷൻ ടെക്നോളജി കോഴ്‌സ് 

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജിയിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആൻ്റ് ഫാഷൻ ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെൻ്റ് മാനുഫാക്ടറിംഗ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻ്റ് മാർക്കറ്റിംഗ് മാനേജ്മെൻ്റ്, ക്ലോത്തിങ് മാർക്കെറ്റിംഗ് ആൻ്റ് ഗാർമെൻ്റ് ലാബ് തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന കോഴ്സിൽ ഡിസൈൻ സോഫ്റ്റ് വെയറുകളായ കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, റീച്ച്, കാഡ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകും. കൂടാതെ കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയാൻ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ഗുണമേന്മ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവ കോഴ്‌സിൻ്റെ പ്രത്യേകതയാണ്. ഒരു വർഷക്കാലയളവുള്ള കോഴ്‌സിന് എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 29. അപേക്ഷഫോം ഓഫീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത‌് പൂരിപ്പിച്ച് തപാൽ വഴിയോ, നേരിട്ടോ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കാം. അപേക്ഷ ഫീസില്ല. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ട‌ർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെ‌ക്നോളജി കണ്ണൂർ, പി. ഒ. കിഴുന്ന, തോട്ടട. ഫോൺ: 0497 2835390. ​വെബ്സൈറ്റ്: www.iihtkannur.ac.in​, ഇ​മെയിൽ: info@iihtkannur.ac.in.

കെൽട്രോണിൽ കോഴ്സു‌കൾ 

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ( പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി​, ഒരു വർഷം)​ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി  തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന​ കെൽട്രോൺ നോളജ് സെൻററിൽ  എത്തണം. ഫോൺ: 9072592458.

പ്ലസ് ടുവിടൊപ്പം എൻട്രൻസ് പരിശീലനത്തിന് സാമ്പത്തിക സഹായം 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന, ​പ്ലസ് ടു പഠനത്തോടൊപ്പം അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ /എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് വർഷം 10000​ രൂപ വീതം ആകെ 20000 രൂപ അനുവദിക്കുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണി​ച്ചു. ​ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗ​ത്തിൽപ്പെട്ട സയൻസ്,​ ഇംഗ്ലീഷ്​, കണക്ക് വിഷയങ്ങൾക്ക് ​ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാ​യ എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസ്സിൽ ​എ​2, എ ഗ്രേഡുകൾ നേടി വിജയിച്ച ​സിബിഎസ്ഇ, ​ഐസിഎസ്ഇ വിദ്യാർത്ഥികൾക്കും ​​ ​അപേ​ക്ഷിക്കാം.
അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തിൽ താഴെ), എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, പ്ലസ് വൺ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, ഗ്രാമപഞ്ചായത്ത്/ ബ്ലോക്കിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നീ രേഖകൾ സഹിതം കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അവസാന തീയ്യതി ​സെപ്റ്റംബർ 30. ഫോൺ: 0497 2700596.

 ​സ്റ്റോർ സൂപ്പർവൈസർ 

​കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സ്റ്റോർ സൂപ്പർവൈസർ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡി.ഫാം/ബി.ഫാം​ യോഗ്യതയും 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉ​ള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ​ജൂലൈ 24 ന് രാവിലെ ​11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.

 ടൂറിസം ഡിപ്ലോമ കോഴ്സുകൾ 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) പ്ലേസ്മെന്റ് ഉറപ്പാക്കുന്ന ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സു കൾക്ക് അപേക്ഷിക്കാം. ഒരുവർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ്, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം, ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്‌മെന്റ് എന്നീ കോഴ്‌സുകൾക്ക് ബിരുദം ആണ് യോഗ്യത. ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിന് പ്ലസ് ടു ആണ് യോഗ്യത. അപേക്ഷഫോം www.kittsedu.org ൽ. ഫോൺ: 0490 2344419.

 പെൻഷൻ മസ്റ്ററിങ് 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോർഡിൽ 2025 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂലൈ 30-നുള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം.

 എയർലൈൻ & എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് പ്ലസ്‌ ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് തിരുവനന്തപുരത്തുള്ള സെന്ററിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോൺ: 9846033001, 0471 2570471.

 കല്ലുമ്മക്കായ കൃഷിക്ക് ധനസഹായം 

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുളകൊണ്ട് നിർമ്മിച്ച 5x5 മീറ്റർ വിസ്തീർണ്ണമുള്ള റാക്ക് നിർമ്മിച്ച് കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി 15000 രൂപയാണ് യൂണിറ്റ് കോസ്റ്റ്. ജനറൽ വിഭാഗത്തിന് 40 %വും SC വിഭാഗത്തിന് 75 %വും, ST വിഭാഗത്തിന് 100% വും സബ്‌സിഡി അനുവദിക്കും. അപേക്ഷകൾ ജൂലൈ 30നകം തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവനുകളിൽ ലഭ്യമാകണം. കൂടുതൽ വിവരങ്ങൾക്ക് മാടായി അഴീക്കോട്/കണ്ണൂർ/തലശ്ശേരി എന്നിവിടങ്ങളിലെ മത്സ്യഭവൻ ഓഫീസുകളിലോ, കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലെക്സ്‌സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം. ഫോൺ: 0497 2731081.

 എൽ.ബി.എസിൽ കോഴ്സുകൾ 

എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന പി. ജി. ഡി. സി.എ (യോഗ്യത - അംഗീകൃത സർവ്വകലാശാല ബിരുദം), ഡി. സി.എ (യോഗ്യത - എസ്.എസ്.എൽ.സി), ഡിപ്ലോമാ ഇൻ കമ്പ്യട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ)(യോഗ്യത - പ്ലസ് ടു / വി. എച്ച്. എസ്. സി), ഡാറ്റ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ് & മലയാളം (യോഗ്യത - എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത - പ്ലസ് ടു കോമേഴ്‌സ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0497 2702812, 9446650576, 8086950706,
7012448472.

 ലേലം 

ന്യൂ നടുവിൽ വില്ലേജിലെ റി. സ. 292/1A (292/477 online PV) ൽ പ്പെട്ട 0.1170 ഹെക്ടർ വസ്തുവിൻ്റെയും റി. സ. 97/223 ൽ പ്പെട്ട 0.1397 ഹെക്ടർ വസ്തുവിൻ്റെയും ലേലം ജൂലൈ 30ന് 11.30 ന് ന്യൂനടുവിൽ വില്ലേജ് ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം 

​സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോർഡ് കണ്ണൂർ/കാസർഗോഡ് ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷം വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്‌സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം വിദ്യാഭ്യാസാനുകൂല്യത്തിനായി ഓൺലൈൻ മുഖേന അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി/ വിദ്യാർത്ഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. https://services.unorganisedwssb.org/index.php/home ൽ ആണ് അപേക്ഷിക്കേണ്ടത് .അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (ഐഎഫ്എസ്സി കോഡ് സഹിതം) എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ കരുതണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ 30. ഫോൺ: 0497 2970272.

 വൈദ്യുതി മുടക്കം 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വളഞ്ഞൻ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21 ന് രാവിലെ ഏഴ് മുതൽ 8. 30 വരെയും മണിയലം ചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് വരെയും കൊയ്യോട് എസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ രണ്ട് വരെയും ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

date