Skip to main content
ജന്മനാട്ടിലെ സ്കൂൾകാലം ഓർത്തെടുത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി 

ജന്മനാട്ടിലെ സ്കൂൾകാലം ഓർത്തെടുത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി 

 

മന്ത്രിയായശേഷം ആദ്യമായി ജന്മനാടായ കണ്ണൂർ ജില്ലയിലെ ഉദയഗിരിയിൽ എത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് ഉദയഗിരി ഗ്രാമപഞ്ചായത്തും പ്രത്യാശ യു.പി സ്കൂളും സംയുക്തമായി പൗരസ്വീകരണം നൽകി.
ഉദയഗിരി സെന്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ താൻ 10ാം ക്ലാസ്സ് പഠനം വരെ ജീവിച്ച താബോർ എന്ന മലയോരനാട്ടിലെ നാളുകൾ മന്ത്രി ഓർത്തെടുത്തു.

5, 6,7 ക്ലാസുകൾ പഠിച്ച പ്രത്യാശ സ്കൂളിലേക്കും തിരിച്ചും വീട്ടിൽ നിന്നും  നടന്നായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.
അന്ന് റോഡില്ല. നടവഴി പിന്നിട്ടാൽ കല്ലിലും മണ്ണിലും ചവിട്ടിയുള്ള യാത്ര. അന്നത്തെ മലയോര കർഷക കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ട എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെന്നും എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ് എന്ന ചിന്ത പകർന്നുനൽകിയത് മാതാപിതാക്കളും അന്നത്തെ അധ്യാപകരുമാണെന്നും മന്ത്രി പറഞ്ഞു. 

നാലുവരെ താബോർ സ്കൂളിൽ പഠിച്ച മന്ത്രി റോജിയുടെ ഹൈസ്കൂൾ പഠനകാലം തിരുമേനി സ്‌കൂളിലായിരുന്നു. പ്രീഡിഗ്രി മുതലാണ് എറണാകുളത്തേക്ക് മാറിയത്. 

പരിപാടി അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസി ആലുംമൂട്ടിൽ അധ്യക്ഷയായി. തലശ്ശേരി എജുക്കേഷനൽ സൊസൈറ്റി കോർപറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരിയിൽ മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാദർ സേവ്യർ പുത്തൻപുരക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. ചടങ്ങിൽ തന്നെ പഠിപ്പിച്ച അധ്യാപകരെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. 

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജേഷ് പൂവനാട്ട്, ഉദയഗിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എൻ പ്രസന്നകുമാർ, 
ജില്ലാ പഞ്ചായത്ത് അംഗം ജോജി വർഗ്ഗീസ് വട്ടോളി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീൻ തെക്കേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ബാബു പറപ്പള്ളിൽ, പൗരസമിതി കൺവീനർ തോമസ് വെക്കത്താനം, സ്കൂൾ പ്രധാനാധ്യാപിക സാലി കെ, താബോർ സെൻറ് ജോസഫ് ചർച്ച് വികാരി ഫാദർ ജോർജ് ചിലമ്പികുന്നേൽ, ഇ.എം നാസർ, ജോയിച്ചൻ പള്ളിയാലിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രാജീവൻ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.

date