Skip to main content

എൻ.എ.ഡി സുരക്ഷാ മേഖല:  നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും

 

എൻ.എ.ഡി  (നേവൽ ആർമമെന്റ് ഡിപ്പോ)

സേഫ്റ്റി സോൺ പരിധിയിലുള്ള ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ,  അൻവർ സാദത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ എൻ.എ.ഡി അധികൃതരെയും ഭൂവുടമകളെയും പങ്കെടുപ്പിച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക നടത്തിയ ചർച്ചയിലാണ് തീരുമാനം.

കഴിഞ്ഞ 35 വർഷമായി സുരക്ഷാ കാരണങ്ങളാൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ നൽകിയ ഹർജിയിലാണ് നടപടി. വിവരം ശേഖരിക്കുന്നതിന് ആലുവ തഹസിൽദാരെ ചുമതലപ്പെടുത്തുകയും, ഇത് പൂർത്തിയാകുന്നതോടെ നഷ്ടപരിഹാരം കണക്കാക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിക്കുകയും ചെയ്യും.

സേഫ്റ്റി സോണിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമി എൻ.എ.ഡി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി നിർദ്ദേശം സർപ്പിക്കുമെന്ന് എൻ.എ.ഡി ജി.എം അറിയിച്ചു. 

യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  കെ. മനോജ്, ഇടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മയിൻ, ആലുവ തഹസിൽദാർ ഡിജോ ഫ്രാൻസീസ്, ഭൂവുടമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date