*ഷിഗെല്ല: ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും *
ജല സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവും ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ഗവ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കോളെജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാന്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും വ്യക്തി-പരിസര ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അവിടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കും. ഷിഗെല്ല സ്ഥിരീകരിച്ച വിവരം ലഭിച്ചതിന് പിന്നാലെ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തും. ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് ഒരാഴ്ച നീളുന്ന ക്ലോറിനേഷനും ശുചീകരണ യജ്ഞവും നടത്തുന്നത്. ഇക്കാലയളവില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുള്ള കിണറുകള്‍, ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ യോഗം ചേര്‍ന്ന് കിണറുകളുടെ ക്ലോറിനേഷനും ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കും. പൊതുജനങ്ങള്‍ തിളപ്പാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ ചൂട് വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലര്‍ത്തി നല്‍കാന്‍ പാടില്ല. ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കപ്പെട്ട സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ ഉഷ വിജയന്‍, എ.ഡി.എം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊയ്തീന്‍ ഷാ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, താഹസില്‍ദാര്‍ എം.സി രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ പി ദിനീഷ്, കോളേജ് പ്രിന്‍സിപ്പല്‍ എം സരിത, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, കോളേജ് അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments