Skip to main content

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ ഇന്ന് (ജൂലൈ 23 )

 

 മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ എന്ന പേരിൽ നടക്കും.  പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ  ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അദ്ധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, മത-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

 

15,000-ത്തോളം ഗുണഭോക്താക്കൾക്കായി 100 കോടി രൂപയുടെ വായ്പാ വിതരണം ഉദ്ഘാടനചടങ്ങിൽ നടക്കും. പുതിയ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും കോർപ്പറേഷന്റെ ഔദ്യോഗിക ന്യൂസ്‌ലെറ്റർ പ്രകാശനവും ഇതോടൊപ്പം നിർവ്വഹിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഇൻഫർമേഷൻ കിയോസ്കുകൾ, വിജ്ഞാനപ്രദമായ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, സാമൂഹിക സംഘടനകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരക്കുന്ന ഒരു ബൃഹദ് സംരംഭമായാണ് ‘സമഗ്ര – 2026’ വിഭാവനം ചെയ്തിരിക്കുന്നത്. 

 

1995 ഫെബ്രുവരി 28-ന് സ്ഥാപിതമായ കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC) സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെ.എസ്.ബി.സി.ഡി.സി.). “ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും മോചനം” എന്ന മുദ്രാവാക്യവുമായി പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ, വിദ്യാഭ്യാസം, മൈക്രോ ക്രെഡിറ്റ് വായ്പകൾ എന്നിവ നൽകുന്നു.  കോർപ്പറേഷൻ ഇതുവരെ 9.61 ലക്ഷത്തിലധികം ഗുണഭോക്തൃ കുടുംബങ്ങളിലായി ഏകദേശം 8,400 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്.

date