Skip to main content

എച്ച് ഐ വി എയ്ഡ്‌സ് ബോധവല്‍ക്കരണം: സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്, ഐ, വി എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ക്വിസ്, മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ജില്ലയിലെ 8, 9, 11 ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായാണ് ക്വിസ് മത്സരങ്ങള്‍.  ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ക്വിസ് മല്‍സരം ജൂലൈ 29 ബുധനാഴ്ച രാവിലെ 10:30 മണി മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം മത്സരത്തില്‍ പങ്കെടുക്കണം. പൊതുജന ആരോഗ്യം, കൗമാര ആരോഗ്യം, ആര്‍ത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ക്രമം, എച്ച്, ഐ, വി എയ്ഡ്‌സ്, ലഹരി ഉപയോഗം, സന്നദ്ധ രക്ത ദാനം, സര്‍ക്കാര്‍ ആരോഗ്യ പരിപാടികള്‍ എന്നിവയാണ് ക്വിസ് മത്സര വിഷയം.

ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000,4000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ക്വിസ് മത്സരത്തിലെ ആദ്യ സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തിലും തുടര്‍ന്ന് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 28 ന് 3 മണിക്ക് മുന്‍പായി ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പരില്‍ വിളിച്ച് രജിസ്ട്രേഷന്‍ നടത്തണം.  

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരത്തില്‍ മത്സരാര്‍ത്ഥികളുടെ പ്രായപരിധി 17 മുതല്‍ 24 വരെയാണ്. സ്ത്രീ/ പുരുഷ വിഭാഗത്തിന് മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന സ്ത്രീ/പുരുഷ വിഭാഗത്തിന് യഥാക്രമം 5000, 4000, 3000 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും മൊമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരു കോളേജില്‍ നിന്ന് പരമാവധി 5 പേര്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. ജില്ലാതല മത്സര വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.  ജൂലൈ 30 വ്യാഴാഴ്ചയാണ് മത്സരം.
 
ഇടുക്കി ജില്ലാ കളക്ട്രേറ്റ് ബസ് സ്റ്റോപ്പില്‍ നിന്നും രാവിലെ 10.30 ന് ആരംഭിക്കുന്ന മാരത്തോണ്‍ മത്സരം ഇടുക്കി മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പ് വരെയുള്ള 5 കിലോമീറ്റര്‍ ദൂരപരിധിയിലാണ് സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികള്‍ കോളേജില്‍ നിന്നുള്ള സാക്ഷ്യപത്രം, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ മത്സരത്തിന് വരുമ്പോള്‍ ഹാജരാക്കണം. സംശയ നിവാരണത്തിനായി 9946107341,
9497709645 എന്നീ നമ്പറുകളില്‍ വിളിച്ച് ജൂലൈ 29 ന് ഉച്ചക്ക് ശേഷം 3 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

 

date