Skip to main content

തോട്ടപ്പള്ളിയിൽ ആധുനിക സ്പിൽവേ പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും അമ്പലപ്പുഴയിലെ വികസന പദ്ധതികൾ   ജി സുധാകരൻ എം.എൽ.എ അവലോകനം ചെയ്തു

​ തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവെയ്ക്ക് പകരം ആധുനിക സ്പിൽവേ നിർമ്മിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം.

 അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ  ജി. സുധാകരൻ എം.എൽ.എയാണ് നിർദ്ദേശം നൽകിയത്. 

അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരും. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട എം.എൽ.എ, ജനസൗഹൃദപരമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും നിലവിലെ നിർമ്മാണരീതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാ കവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെട്ട പ്രവൃത്തികൾക്ക് ടെൻഡർ തുകയേക്കാൾ അധിക തുക അനുവദിക്കാത്തതിനാൽ കരാറുകാർ ജോലികൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തോട്ടപ്പള്ളി - കളർകോട് കണക്ടിവിറ്റി റോഡ് രണ്ടാം ഘട്ടത്തിലുൾപ്പെട്ട 13 റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം വിളിക്കാനും തീരുമാനമായി. 

യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, എ.ഡി.എം സി. പ്രേംജി, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ ആർ. രജിത്ത്, ഫിനാൻസ് ഓഫീസർ അജയാനന്ദ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

(പിആർ/എഎൽപി/1485)

date