രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സരവേദിയാക്കി മാറ്റണം: ജില്ലാ കളക്ടർ
രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. നവീകരിച്ച രാജാകേശവദാസ് നീന്തൽ ക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സ്പോർട് കൗൺസിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നും അതിനായി അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജില്ല കളക്ടർ പറഞ്ഞു. പൂളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് കുഴൽ കിണർ സ്ഥാപിക്കുന്നതിന് സി.എസ്.ആർ ഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നീന്തൽ താരങ്ങളുടെ പ്രദർശന മത്സരം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിങ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു.
കൗൺസിൽ വൈസ് പ്രസിഡൻ്റ് കുര്യൻ ജെയിംസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജയമോഹൻ, ഗ്രിസിൽഡ സേവ്യർ, പി.എസ് ബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി റ്റി. പി.റോയ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡോ. സി.വി ബിജിലാൽ, സ്വിമ്മിംഗ് ചീഫ് കോച്ച് ഉണ്ണികൃഷ്ണൻ, റോവിങ് പരിശീലകരായ ബിനു കുര്യൻ, എൽബിസൺ തമ്പി,
അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായ സുജിത്ത്, അജയൻ എന്നിവർ പങ്കെടുത്തു.
- Log in to post comments