പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയും ചടങ്ങിൽ മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖ മന്ത്രി പ്രകാശനം ചെയ്തു.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയർ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കുമെന്നും ഇതിനായി സ്‌കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്‌കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്‌കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി വിശദീകരിച്ചു. പദ്ധതി വിശദീകരണം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി കെ അസ്ലു, ഷാഹിന നിയാസി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ലാകോർഡിനേറ്റർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 2771/2026
- Log in to post comments