Skip to main content

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം

അറപ്പീടിക-കണ്ണാടിപൊയില്‍-കൂട്ടാലിട റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ് ആരംഭിക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ പ്രവൃത്തി തീരുന്നത് വരെ കണ്ണാടിപൊയില്‍ മുതല്‍ പൂനത്ത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിനായി, രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാര്‍ ഡ്രൈവറില്ലാതെ വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് ഒരു മണിക്ക് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. വിലാസം: പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട് ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015. 

തീരമൈത്രി പദ്ധതിയില്‍ കോഓഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഉപജീവന പദ്ധതികളില്‍ പ്രവൃത്തി പരിചയവും. ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി: 35 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 8943164472, 7094747427.

മസ്റ്ററിങ് നടത്തണം

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2470443

കുടിശ്ശിക അടക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി വിഹിതം അടക്കുന്നതില്‍ 36 മാസം വരെ കുടിശ്ശിക വരുത്തിയവര്‍ക്ക് 2026 സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക അടക്കാമെന്നും ഉടമ വിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് പരമാവധി നാല് തവണകളായി 2027 സെപ്റ്റംബര്‍ 30നകം അടച്ചുതീര്‍ക്കാമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date