Skip to main content

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി. കോളജില്‍ 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്' പദ്ധതി ആരംഭിക്കുന്നു  

 

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളജില്‍ 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്' യൂണിറ്റുകള്‍ ആരംഭിക്കുന്നു. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ട് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോളജ് ക്യാമ്പസില്‍ സജ്ജമാക്കുന്ന പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും വിവിധ കമ്പനികള്‍ക്ക് നല്‍കി, അതില്‍നിന്ന് ലഭിക്കുന്ന വരുമാനം വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. എം.വി. രാജേഷ് കോളജ് സന്ദര്‍ശിച്ച് അടിസ്ഥാനസൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. നിലവില്‍ രണ്ട് പ്രൊജക്റ്റുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സോളാര്‍ പാനല്‍ ഇന്‍വെര്‍ട്ടര്‍ യൂണിറ്റ് സ്ഥാപിക്കും. ഇതിനായി രണ്ട് കമ്പനികളുമായി അടുത്തയാഴ്ച ധാരണാപത്രം ഒപ്പുവെക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവിധ സ്ഥാപനങ്ങള്‍ക്കായി എ.ഐ. ഏജന്റുകള്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ യൂണിറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേല്‍നോട്ടം വഹിക്കും. രണ്ട് യൂണിറ്റുകളിലേക്കും ആവശ്യമായ വിദ്യാര്‍ഥികളുടെ റിക്രൂട്ട് ചെയ്യും. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, കോമേഴ്സ് വിഷയങ്ങളിലായി എഴുനൂറോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.

date