പച്ചമലയാളം അടിസ്ഥാന കോഴ്സ്: ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് (2026-27) അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 15 വരെ നീട്ടി. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും ഭാഷയിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് പൂർത്തിയായ ആർക്കും ഒരു വർഷത്തെ കോഴ്സിലേക്ക് അപേക്ഷിക്കാം. ആറുമാസം വീതമുള്ള 'അടിസ്ഥാന കോഴ്സ്', 'അഡ്വാൻസ്ഡ് കോഴ്സ്' എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാ പഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്കരിച്ച 'പച്ചമലയാളം' കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാ മിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് തുല്യതാ കോഴ്സാണ്. 60 മണിക്കൂർ നേരിട്ടുള്ള ക്ലാസുകളും (മുഖാമുഖം) 30 മണിക്കൂർ ഓൺലൈൻ ക്ലാസുകളുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ്ഡ് കോഴ്സിലേക്ക് പ്രവേശനം നേടാം.
500 രൂപ രജിസ്ട്രേഷൻ ഫീസും 3500 രൂപ കോഴ്സ് ഫീസുമാണ് ഉള്ളത്. ഓൺലൈനായി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20-നകം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാർ വഴിയോ തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് വഴിയോ അപേക്ഷ നൽകാവുന്നതാണ്. ഫോൺ- 0487-2365024, 9496877913. വെബ്സൈറ്റ്- https://literacymissionkerala.org/, kslma.keltron.in.
- Log in to post comments