നെഹ്‌റുട്രോഫി ജലോത്സവം : വഞ്ചിപ്പാട്ട് മത്സരത്തിന് ആഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാം
ആഗസ്റ്റ് 22 ന് നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആഗസ്റ്റ് 19 ന് നടത്തപ്പെടുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ ആഗസ്റ്റ് 15 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദ്യാർഥി വിദ്യാർഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും, പുരുഷ - സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വെച്ച്പ്പാട്ട് എന്നീ ഇനങ്ങളിലും, ആറൻമുള ശൈലിയിൽ പുരുഷൻമാർക്കും മാത്രമായിട്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഇനത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമിനെ മാത്രമെ മത്സരത്തിൽ പങ്കെടുപ്പിക്കുകയുളളൂ. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ടീം അംഗങ്ങളുടെ മുഴുവൻ പേരും, ഫോട്ടോയും, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയും ക്യാപ്റ്റന്റെ മേൽവിലാസവും ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഫോൺ നമ്പറും കൃത്യമായി നൽകേണ്ടതാണ്. വിദ്യാർഥികൾ അവർ പഠിക്കുന്ന സ്കൂൾ / കോളേജിലെ സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് എതിർ വശത്തുള്ള മിനി സിവിൽ സ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിനുളള രജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്ന് എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ അറിയിച്ചു. ജൂനിയർ, സീനിയർ വിഭാഗത്തിന് 50 രൂപ, സ്ത്രീകൾ 200 രൂപ, പുരുഷൻമാർ 250 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ : 0477- 2252212
(പിആർ/എഎൽപി/1558)
- Log in to post comments