Skip to main content

തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട്: മന്ത്രി ഒ ജെ ജനീഷിന്റെ സാന്നിധ്യത്തില്‍ അടിയന്തര ദുരന്തനിവാരണ യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ.ജെ. ജനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, ഓഗസ്റ്റ് മാസം കഴിയുന്നത് വരെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഗേറ്റുകളുടെ നിലവിലുള്ള സ്ഥിതി തുടരാനും, ജലനിരപ്പ് പരിശോധിച്ച് സ്ലൂയിസ് ഗേറ്റുകള്‍ തുറന്നു വയ്ക്കാനും യോഗത്തില്‍ തീരുമാനമായി.

തീരദേശത്ത് കടലാക്രമണ ഭീഷണിയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഫീഷറീസ് വകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ക്യാമ്പുകളിലെ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കി. പോലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ പൂര്‍ണ്ണസജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എന്‍.ഡി.ആര്‍.എഫിന്റെ 26 അംഗ പ്ലാറ്റൂണും സജ്ജമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് അറിയിച്ചു.

കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളി ചേര്‍ന്ന യോഗത്തില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സന്ദീപ്, അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. നസിയ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date