അറിയിപ്പുകള്‍
കോഴിക്കോട് പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോ സ്ട്രിംഗർ പാനലുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിപാടികളുടെ കവറേജ് നിര്‍വഹിക്കുന്നതിന് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോ സ്ട്രിംഗർമാരുടേയും പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി പ്രൊഫഷണല്‍ നിലവാരത്തിലുള്ള ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്ളവരുമാകണം. പി.ആര്‍.ഡിയിലോ മാധ്യമസ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂണില്‍ പാനലിലേക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കണം.
അപേക്ഷകരുടെ വിശദമായ ബയോഡാറ്റയും ക്യാമറയുടെ വിവരങ്ങളും 2026 ആഗസ്റ്റ് ഏഴിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020. ഫോണ്‍: 0495 2370225. ഇ-മെയില്‍: dio.prd@gmail.com.
ഓണാഘോഷത്തില്‍ പരിപാടികൾ അവതരിപ്പിക്കാൻ ഓഗസ്റ്റ് 6 വരെ അപേക്ഷിക്കാം
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.
വാഹന ലേലം
കോഴിക്കോട് റൂറല്‍ ജില്ലയിലെ തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി, ബാലുശ്ശേരി, താമരശ്ശേരി പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണനയിലോ പരിഗണനയിലോ അല്ലാത്തതുമായ 43 വാഹനങ്ങള്‍ www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 11ന് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ ഇ-ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് 10 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം.
ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 8 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 0495 2373976, 9447637765.
എം.ടെക് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിഗ്‌നല്‍ പ്രോസസിങ്, എനര്‍ജി സിസ്റ്റംസ് അനാലിസിസ് ആന്‍ഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍, സ്ട്രക്ച്വറല്‍ എന്‍ജിനീയറിങ് എന്നീ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് മുമ്പ് കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി ഗ്രാമപഞ്ചായത്തുകളിലെ 116 അങ്കണവാടികളിലേക്ക് 2026-27ല്‍ ആഴ്ചയില്‍ 3 ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 13ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 8281999297.
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 4, 5, 6, 7 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9400127797.
- Log in to post comments