Skip to main content

ജനിച്ചപ്പോൾ ഭാരം 700 ഗ്രാം മാത്രം; മെഡിക്കൽ കോളേജിലെ മൂന്ന് മാസത്തെ പരിചരണത്തിലൂടെ അതിജീവനം

ആലപ്പുഴ മെഡിക്കൽ കോളേജിൽ 25 ആഴ്ചയിൽ ജനിച്ച 700 ഗ്രാം മാത്രം ഭാരമുള്ള കുട്ടിക്ക് മൂന്നുമാസത്തെ പരിചരണത്തിലൂടെ അതിജീവനം. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മൂന്ന് മാസത്തിലധികം നീണ്ട പരിചരണത്തിലൂടെയാണ് ആരോഗ്യനില മെച്ചപ്പെടുത്തി കുട്ടിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞത്. ജനിച്ച ഉടൻ തന്നെ കുഞ്ഞിന് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയും വെന്റിലേറ്റർ സഹായവും നൽകി. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ,അക്യൂട്ട് കിഡ്നി ഇഞ്ചുറി,അണുബാധ തുടങ്ങി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. നിയോ നാറ്റോളജി ഐസിയുവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിദഗ്ധ സംഘത്തിൻറെ സമഗ്ര പരിചരണത്തിലൂടെ  ഇവയെല്ലാം നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചു. പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി എന്ന രോഗത്തിന് കുഞ്ഞിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ലേസർ ചികിത്സ നൽകുകയും ചെയ്തു. ആരോഗ്യനില വീണ്ടെടുത്ത ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ കുട്ടിയുടെ ഭാരം 1.5 കിലോഗ്രാം ആണ്.  
മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം എച്ച് ഓ ഡി ഡോ. സിറിൽ റൊസാരിയോ,ന്യൂബോൺ ചീഫ് ഡോ. ലതിക,ഡോ. സൂസി തുടങ്ങിയവർ ഉൾപ്പെടുന്ന വിദഗ്ധസംഘം ആണ് ചികിത്സയ്ക്ക് മേൽനോട്ടം  വഹിച്ചത്.  പുറത്ത് ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയത്. നീണ്ട കാലയളവിൽ വിജയകരമായ ഫോളോ അപ്പ് നിർവഹിച്ച ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവനക്കാരുടെയും ടീമിനെ അഭിനന്ദിക്കുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലക്ഷ്മി പി എൽ അറിയിച്ചു.

date