Skip to main content

സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക സർക്കാർ ലക്ഷ്യം: ആരോഗ്യ മന്ത്രി

 

സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകന്നതിനായി സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും 2025 വർഷത്തെ ക്ഷയരോഗമുക്ത (ടി.ബി. മുക്ത) പഞ്ചായത്ത് നേട്ടം കൈവരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ കാരുണ്യ ഫാർമസികൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണം
ഉടൻ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കും. മരുന്ന് കമ്പനികൾക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശിക സർക്കാർ തീർപ്പാക്കിയിട്ടുണ്ട്. കമ്പനികൾ മരുന്ന് വിതരണം ആരംഭിക്കുന്നതോടെ കാരുണ്യ കേന്ദ്രങ്ങളിലെ മരുന്ന് ക്ഷാമത്തിന് പൂർണ്ണ പരിഹാരമാകും.
ആശുപത്രികളിൽ ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും ക്ഷാമം പരിഹരിക്കാൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. 1960-കളിലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് നിലവിൽ ആശുപത്രികൾ പ്രവർത്തിക്കുന്നത്. എന്നാൽ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ വർദ്ധനവും കോവിഡ് പോലുള്ള പുതിയ പകർച്ചവ്യാധികളുടെ ആവിർഭാവവും കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
രോഗമുക്ത കേരളം സാധ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മഴക്കാല പകർച്ചവ്യാധികളും ഡെങ്കിപ്പനിയും പ്രതിരോധിക്കാൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഊർജ്ജിതമാക്കണം. ജനങ്ങളെ ബോധവൽക്കരിച്ച് മുന്നോട്ടുപോകാൻ പുതിയ പഞ്ചായത്ത് ഭരണസമിതികൾ തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

റീജിയണൽ വാക്‌സിൻ സ്റ്റോറിന്റെ നാലാം നിലയിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് റീജിയണൽ വാക്‌സിൻ സ്റ്റോറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ നാലുകോടി 84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ ആറ് കോടി 74.5 ലക്ഷം രൂപ ചെലവിൽ വെർട്ടിക്കൽ എക്‌സ്പാൻഷൻ നടത്തിയാണ് ഓഫീസ് സൗകര്യം ഒരുക്കിയത്.

ചടങ്ങിൽ ഉമ തോമസ് എം.എൽ.എ. അധ്യക്ഷയായി. ഹൈബി ഈഡൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ ആർ. ഷാഹിർഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹനീഷ് എം എം, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ,
തുടങ്ങിയവർ പങ്കെടുത്തു.

date