അറിവുതേടിയുള്ള നിരന്തര യാത്രയിലൂടെ മലയാള ഭാഷയെയും സംസ്കാരത്തെയും എന്നും ജ്വലിപ്പിച്ചു നിർത്തിയ മഹാനായ ഗുരുനാഥനാണ് സാനുമാഷ്: മുഖ്യമന്ത്രി
എം. കെ. സാനു മാഷ് മലയാളിക്ക് വെറുമൊരു സാഹിത്യകാരനോ അധ്യാപകനോ മാത്രമല്ലെന്നും, അറിവുതേടിയുള്ള നിരന്തര യാത്രയിലൂടെ മലയാള ഭാഷയെയും സംസ്കാരത്തെയും എന്നും ജ്വലിപ്പിച്ചു നിർത്തിയ മഹാനായ ഗുരുനാഥനാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. എം. കെ. സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സാനു മാഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഇരുപത്തൊന്നാം വയസ്സിൽ എം.ജി. സർവ്വകലാശാല യൂണിയൻ ചെയർമാനായിരുന്ന കാലം മുതൽ സാനു മാഷുമായി തുടരുന്ന ആത്മബന്ധം വി. ഡി. സതീശൻ പ്രസംഗത്തിൽ വികാരനിർഭരമായി സ്മരിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാർത്ഥിയായിരുന്നില്ല. എങ്കിലും ചെറുപ്പം മുതൽ ഹൃദയത്തിൽ ഗുരുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച വ്യക്തിയാണ് സാനു മാഷ്.
ലോക സാഹിത്യത്തിലെ ഏതു വിഷയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഓർമ്മശക്തിയോടെയും ഒഴുക്കോടെയും സംസാരിക്കാനുള്ള സാനു മാഷിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്ട് . പ്രഭാഷണത്തിലും എഴുത്തിലും പകരക്കാരനില്ലാത്ത വ്യക്തിത്വമായിരുന്നു സാനുമാഷിൻ്റേത്. വായനക്കാരെയും കേൾവിക്കാരെയും ഒരുപോലെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു .
സാനുമാഷിൻ്റെ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പുസ്തകം വായിച്ച ശേഷമാണ് താൻ ചങ്ങമ്പുഴ കവിതകൾ മുഴുവൻ വീണ്ടും തേടിപ്പിടിച്ചു വായിച്ചതെന്ന് മുഖ്യമന്ത്രി ഓർത്തെടുത്തു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ഏകാന്ത വീഥിയിലെ അവധൂതൻ, ആത്മകഥയായ കർമ്മഗതി തുടങ്ങിയ കൃതികൾ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ഏടുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സാനു മാഷ് അവസാനമായി രചിച്ച് എൻ.ബി.എസ്. പ്രസിദ്ധീകരിച്ച 'ഞാൻ മരണാനുരാഗബന്ധൻ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ വി. ഡി. സതീശൻ നിർവ്വഹിച്ചു. തന്റെ ഹൃദയത്തിലെ ഗുരുനാഥന്റെ അവസാന പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു, എന്ന് വികാരാധീതനായി അദ്ദേഹം പറഞ്ഞു.
സാനു മാഷിന്റെ മക്കളായ എം. എസ്. രഞ്ജിത്ത്, എം. എസ് രേഖ, എം. എസ് ഗീത, എം. എസ് ഹരീഷ് . എന്നിവർ ചേർന്ന് മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. എം.കെ. സാനു ഫൗണ്ടേഷൻ ചെയർമാൻ, പ്രൊഫ. എം. തോമസ് മാത്യു ചടങ്ങിൽ അധ്യക്ഷനായി. അബ്ദുസ്സമദ് സമദാനി MP പ്രൊഫ. എം. കെ. സാനു അനുസ്മരണ പ്രഭാഷണം നടത്തി.
ടി.ജെ. വിനോദ് എം.എൽ.എ., കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ , എം.കെ. സാനു ഫൗണ്ടേഷൻ വൈസ് ചെയർമാൻ രഞ്ജിത്ത് സാനു, ചാവറ കൾച്ചറൽ സെന്റർ അസി. ഡയറക്ടർ ഫാ. എബിൻ പുളിക്കതൊട്ടിൽ സി.എം.ഐ എന്നിവർ അനുസ്മരണ സന്ദേശം നൽകി.
- Log in to post comments