Skip to main content

ആരോഗ്യമുളള തലമുറക്ക് മുലയൂട്ടൽ അനിവാര്യം: മന്ത്രി കെ മുരളീധരൻ

*മുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നടന്നു

ആരോഗ്യമുളള തലമുറയെ വാർത്തെടുക്കാൻ കുഞ്ഞ് ജനിച്ച ആദ്യ മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുകയും ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധക്കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്തരം കുടുംബങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും കൂടുതൽ സജീവമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വീടുകളിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ഏറ്റവും മികച്ച പോഷകാഹാരമാണ് മുലപ്പാൽ. പ്രസവശേഷം അമ്മമാർക്ക് ആത്മവിശ്വാസം നൽകുകയും മുലയൂട്ടലിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടത് ആരോഗ്യസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്.

സുരക്ഷിത പ്രസവം പ്രോത്സാഹിപ്പിക്കുന്നതിലും അമ്മയുടെയും കുഞ്ഞിന്റെയും മരണനിരക്ക് കുറയ്ക്കുന്നതിലും കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ ആരോഗ്യവകുപ്പ് വിവിധ പദ്ധതികൾ ശക്തമായി നടപ്പാക്കിവരികയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്തുന്ന വീടുകളിൽ നടത്തുന്ന പ്രസവത്തെ നിരുൽസാഹപ്പെടുത്തണം. പൊതുജനാരോഗ്യ സംരക്ഷണത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷയുൾപ്പെടെയുള്ള വിഷയങ്ങളിൽ പരിശോധനകളും നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മഴ രൂക്ഷമായ സാഹചര്യത്തിൽ പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണം.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ആവശ്യമായ മരുന്നുകൾ  ആരോഗ്യ വകുപ്പ് കരുതിയിട്ടുളളതായും ആശങ്കയുടെ ആവശ്യം നിലവില്ലെന്നും മന്ത്രി പറഞ്ഞു.

എസ് എ ടി ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് പാൽ ദാനം ചെയ്യാൻ സന്നദ്ധരായ അമ്മമാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 'ജീവാമൃതംഎന്ന പേരിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ മിൽക്ക് ബാങ്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. 315 ദാതാക്കളിൽ നിന്നായി ഏകദേശം 100 ലിറ്റർ മുലപ്പാൽ ശേഖരിക്കുകയും അതിൽ 80 ലിറ്ററോളം പാൽ 270 രോഗബാധിതരും കുറഞ്ഞ ഭാരമുള്ളവരും നേരത്തെ ജനിച്ചവരുമായ കുഞ്ഞുങ്ങൾക്ക് നൽകുകയും ചെയ്തു.

വി മുരളീധരൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി മീനാക്ഷി സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ എസ് എസ് സിന്ധുമെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻആരോഗ്യ കേരളം ഡയറക്ടർ അനു എസ് നായർജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ,എന്നിവർ സംബന്ധിച്ചു.

ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായാണ് ആചരിക്കുന്നത്. 'മുലയൂട്ടൽ: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്എന്നതാണ് ഈ വർഷത്തെ സന്ദേശം. ജനിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് കൊളസ്ട്രം ഉൾപ്പെടെയുള്ള മുലപ്പാൽ നൽകുകആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുകതുടർന്ന് രണ്ടുവർഷമെങ്കിലും മുലയൂട്ടൽ തുടരുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് വാരാചരണത്തിന് പ്രാധാന്യം നൽകുന്നത്.

പി.എൻ.എക്‌സ്. 2941/2026

date