കാലവർഷം: ജില്ലയിൽ 1112 ഹെക്ടറിൽ കൃഷിനാശം; 1.32 കോടി രൂപയുടെ നഷ്ടം
കാലവർഷത്തെ തുടർന്ന് ജില്ലയിൽ 3165 കർഷകരുടെ 1112 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. പി സിന്ധു അറിയിച്ചു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളെയാണ് പ്രധാനമായും കാലവർഷക്കെടുതി ബാധിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ 132.7 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാമങ്കരി, ചമ്പക്കുളം, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഗുരുതരമായ രീതിയിൽ ഉയരുന്ന സാഹചര്യമുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ 600 ചക്കം, കരുവാറ്റയിലെ ചാലുക്കൽ എന്നീ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിനാശമുണ്ടായിട്ടില്ലെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാമങ്കരി ബ്ലോക്കിലെ അഞ്ച് കൃഷിഭവനുകളിലും ചെങ്ങന്നൂരിലെ പാണ്ടനാട് കൃഷിഭവനിലും വെള്ളം കയറിയതിനാൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. തൈപ്പറമ്പ് വടക്ക് പാടശേഖരത്തിലെ മോട്ടോർ ഷെഡ് പൂർണമായി തകർന്നു. പുളിങ്കുന്ന് തെക്കേ മണപ്പിള്ളിയിൽ മടവീഴ്ച സംഭവിച്ചത് പുനസ്ഥാപിച്ചതായി കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
കൃഷിനാശം സംഭവിച്ച കർഷകർ വിവരം അടിയന്തരമായി കൃഷിഭവനിൽ റിപ്പോർട്ട് ചെയ്യുകയും കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ വിളനാശം രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
- Log in to post comments