ക്യാമ്പുകളിൽ പകർച്ചവ്യാധികളെ ഒഴിവാക്കാൻ രോഗപ്രതിരോധശീലങ്ങൾ കൃത്യമായി പാലിക്കണമെന്ന് -ആരോഗ്യ വകുപ്പ്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പകർച്ചവ്യാധികളെ ഒഴിവാക്കാൻ രോഗപ്രതിരോധശീലങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ക്യാമ്പിൽ കഴിയുന്ന വയോജനങ്ങൾ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം.
മലിനമായ വെള്ളത്തിലും മണ്ണിലും സമ്പർക്കം ഉണ്ടാകുന്നത് എലിപ്പനി രോഗസാധ്യത വർധിപ്പിക്കുന്നു. രോഗപ്രതിരോധത്തിനായി ക്യാമ്പിലേക്ക് പുറപ്പെടുമ്പോൾ ഡോക്സി സൈക്ലിൻഗുളിക ലഭ്യമായാൽ ഉറപ്പായും കഴിക്കണം. അല്ലാത്തപക്ഷം ക്യാമ്പിലെത്തിയ ഉടനെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഗുളിക വാങ്ങി കഴിക്കേണ്ടതാണ്.
വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആഹാര പാനീയ ശുചിത്വം ഉറപ്പാക്കുക. ക്യാമ്പിൽ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക . പച്ചക്കറികളും ആഹാരം കഴിക്കുന്ന പാത്രങ്ങളും കഴുകുന്നത് ശുദ്ധജലത്തിൽ ആണെന്ന് ഉറപ്പാക്കുക. ആഹാര പാനീയങ്ങൾ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക. പഴയ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കരുത്. ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ എല്ലാവരും ശ്രദ്ധിക്കണം.
ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ മരുന്ന് മുടക്കരുത് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടുകൂടി പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഇടയ്ക്ക് പരിശോധിക്കുക. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികളെ ക്യാമ്പുകളിൽ നിന്ന് പ്രധാന ആശുപത്രികളിലേക്ക്റഫർ ചെയ്യുന്നതാണ്. എലി, പാമ്പ് തുടങ്ങിയ ജീവികൾ താവളം അടിക്കുന്ന രീതിയിൽ ക്യാമ്പിന്റെ പരിസരത്ത് കുറ്റിക്കാടുകൾ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന സാഹചര്യം എന്നിവ ഇല്ല എന്ന് ഉറപ്പാക്കുക. പാമ്പുകടി ,പട്ടി കടി തുടങ്ങിയവയ്ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. ക്യാമ്പുകളിൽ പരിസര ശുചീകരണത്തിലും ജലസ്രോതസ്സ് ശുചീകരണത്തിനും ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ, എലിപ്പനിയെ പ്രതിരോധിക്കുന്ന ഡോക്സിസൈക്ലിൻ ഗുളിക, ഓസൾടമിവിർ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആന്റിസ്നേക് വെനം, പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ആശുപത്രികളിൽ ഉറപ്പാക്കിയിട്ടുണ്ട്.
പനി, ചുമ, വയറിളക്കം, എലിപ്പനി രോഗലക്ഷണങ്ങളായ കഠിനമായ ക്ഷീണം, തലവേദന, പേശി വേദന, വളം കടി പോലെ തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾ മറ്റ് അണുബാധകൾ എന്നിവ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.
- Log in to post comments