Skip to main content

ഓണാഘോഷം 2026 പരിശോധനകള്‍ ശക്തമാക്കണം: ജില്ലാ കലക്ടര്‍

ജില്ലയിലെ ഓണാഘോഷവുമായി  ബന്ധപ്പെട്ട് ലഹരി-വ്യാജമദ്യം എന്നിവയുടെ വ്യാപനം തടയാന്‍ പരിശോധനകൂടുതല്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവിധ വകുപ്പുകള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഉത്സവസമയത്തെ ലഹരിവ്യാപനം തടയാന്‍ എക്‌സൈസ് വകുപ്പ് സ്ട്രൈക്കിങ് ഫോഴ്സുകളെ രൂപീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്ന് അറിയിച്ചു.  ജില്ലാ-താലൂക്ക് തലങ്ങളില്‍ കണ്ട്രോള്‍ റൂമുകള്‍ രൂപീകരിച്ചു. ലഹരിവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കി. മറ്റു വകുപ്പുകളുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനകളും തുടരുന്നു. മുന്‍സിപ്പല്‍-പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ജനകീയജാഗ്രതസമിതികളും ആരംഭിച്ചു. ജില്ലാഅതിര്‍ത്തിമേഖലകളില്‍ പരിശോധന ശക്തമാക്കും.
ഓണാഘോഷദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. പ്രധാന കേന്ദ്രങ്ങളായ ബീച്ച്, തിരുമുല്ലവാരം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിരീക്ഷണസംവിധാനങ്ങളുണ്ടാകും. ബീച്ച് കേന്ദ്രീകരിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വകാര്യസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആള്‍ക്കൂട്ടനിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉറപ്പാക്കണം. രാത്രികാല നിരീക്ഷണം ശക്തമാക്കണം.
വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം ആശ്രാമം മൈതാനത്ത് ഒരുക്കും. കല്ലുംതാഴം മേല്‍പാലം ഭാഗികമായിതുറക്കുന്നതോടെ മേഖലയിലെ ഗതാഗതകുരുക്ക് താല്‍കാലികമായി പരിഹരിക്കപ്പെടും. പോളയത്തോട് ഭാഗത്തെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടിസ്വീകരിക്കും. വിപണിയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിസ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ചുമതലപ്പെടുത്തി. മേവറംമേഖലയിലെ മാലിന്യനിക്ഷേപംചെറുക്കന്‍ കോര്‍പറേഷന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

 

date