'ലാബ് ഓൺ വീൽസ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിദ്യാർഥികൾക്ക് ആധുനിക സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (ASAP) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ മൊബൈൽ ലബോറട്ടറി പദ്ധതി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 6ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫും നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഗതാഗത മന്ത്രി സി. പി. ജോൺ, ഡോ. ശശി തരൂർ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിനൊപ്പം ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിർമിതബുദ്ധി (AI), റോബോട്ടിക്സ്, കോഡിങ്, ഇലക്ട്രോണിക്സ്, 3ഡി ഡിസൈനിങ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിചയം നൽകുന്ന തരത്തിലാണ് ഈ അത്യാധുനിക മൊബൈൽ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമീണ, ആദിവാസി, തീരദേശ മേഖലകളിലെ സ്കൂളുകളിലും കോളജുകളിലും നേരിട്ടെത്തി വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക പഠനസൗകര്യം സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പി.എൻ.എക്‌സ്. 3041/2026
- Log in to post comments