സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കും
പൊതുജനങ്ങൾക്കും പരിപാടികൾ നേരിട്ട് വീക്ഷിക്കാം
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് കോട്ടമൈതാനത്ത് വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 30 ഓളം പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പോലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളോടൊപ്പം സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ഓഗസ്റ്റ് 11, 12 തീയതികളില്‍ വൈകിട്ട് 3.30നും ഡ്രസ് റിഹേഴ്‌സല്‍ 13ന് രാവിലെ 7.30നും നടക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യവും ലഘുഭക്ഷണം തുടങ്ങിയവ ഉറപ്പാക്കും. രാവിലെ ഒൻപത് മുതല്‍ പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാണ് പരിപാടികള്‍ നടത്തുക. പ്ലാസ്റ്റിക്നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്. മൈതാനത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. 750 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. ഗ്രൗണ്ടില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. പരിശീലന സമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യസംഘത്തെ നിയോഗിക്കും. എല്ലാ ജീവനക്കാരും സ്വാതന്ത്ര ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും പൊതുജനങ്ങൾക്കും പരിപാടികൾ നേരിട്ട് വീക്ഷിക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ്, പാലക്കാട് ആര്‍.ഡി.ഒ കെ ദേവകി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments