Skip to main content

ഹൈസ്‌കൂളുകളില്‍ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എറൈസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പദ്ധതികളില്‍ ഐ.ടി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യമുളളതും കൈറ്റിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കുന്നതുമായ നാല് പ്രധാന പദ്ധതികള്‍ക്കും ഇതോടെ തുടക്കമായി. അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ സജ്ജമാക്കി ഹൈസ്‌കൂളുകളില്‍ എറൈസ് ഹബ് (എഐ & റോബോട്ടിക്‌സ് ഇനീഷ്യേറ്റീവ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍) സ്ഥാപിക്കുന്ന പദ്ധതിയുടെ മാര്‍ഗ്ഗരേഖ ഹൈസ്‌കൂള്‍ പ്രഥമാധ്യപകരുടെ ഏകദിനശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

കൈറ്റിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ സജ്ജമാക്കി മൈക്രോകണ്‍ട്രോളര്‍ ബോര്‍ഡുകള്‍, സെന്‍സറുകള്‍, മോട്ടോറുകള്‍ തുടങ്ങിയവയുടെ സഹായത്താല്‍ കാഴ്ചപരിമിതര്‍ക്കുള്ള സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോര്‍ച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടര്‍, ഫെയ്‌സ് റെക്കഗ്‌നിഷന്‍ ഉള്ള എ.ഐ സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ എന്നിവയുടെ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുന്നതിന് സഹായകമായ എറൈസ് പദ്ധതി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ശില്പശാലയില്‍ മന്ത്രി അഭിപ്രായപ്പെട്ടു. പ്രൈമറി വിഭാഗം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനും സ്‌കൂളുകളില്‍ സജ്ജമാക്കുന്ന ഡിജിറ്റല്‍ പഠന സൗകര്യമായ ഡിജിറ്റല്‍ സ്‌ക്വയര്‍, കുട്ടികളുടെ അക്കാദമിക ശേഷിയും പുരോഗതിയും കൃത്യമായി ട്രാക്ക് ചെയ്യാനും രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും പിന്നാക്കം പോകുന്ന കുട്ടികള്‍ക്ക് തിരുത്തല്‍ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ താരാപഥം, സ്‌കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവെക്കുന്നതിന് വിക്കിപീഡിയ മാതൃകയില്‍ സജമാക്കിയ സ്‌കൂള്‍വിക്ക് അപ്ഡേഷന്‍ കാമ്പയിന്‍ ആയ സ്‌കൂള്‍ വിക്കിത്തോണ്‍ എന്നീ പദ്ധതികളും ഇന്നത്തെ കാലത്ത് അടിയന്തരമായി നടപ്പാക്കേണ്ട സൈബര്‍ സുരക്ഷാ പ്രൊട്ടോക്കോള്‍2026 ഉം സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും നിര്‍ദേശങ്ങളും വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ശില്പശാലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി.സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷെരീഫ്. കെ തുടങ്ങിയവര്‍ പങ്കെടുത്തു.

date