സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കും
വിവിധ സേനകളുടെ 37 പ്ലാറ്റൂണുകള്‍ അണിനിരക്കും
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് രാവിലെ 8.25 ന് ആരംഭിക്കുന്ന പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകള്‍ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.കെ. മുഹമ്മദ് ബഷീര്‍ പരേഡ് കമാന്‍ഡറാകും. എം.എസ്.പി.ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡാകും.
രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരി പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.40ന് സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. പരേഡിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം 9.30 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിക്കും.
പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നല്‍കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയില്‍ അലങ്കരിച്ച മലപ്പുറം നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സമ്മാനം നല്‍കും.
പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള റിഹേഴ്‌സല്‍ ആഗസ്റ്റ് 10, 11 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കും. ഡ്രസ് റിഹേഴ്‌സല്‍ 12 ന് രാവിലെ എട്ടിന് നടക്കും. റിട്ട അസി.കമാന്‍ഡന്റ് കെ.എം.ഗഫൂര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ് കമ്മീഷണര്‍ കെ.ടി. ഹരിദാസ്, റിട്ട.ക്യാപ്റ്റന്‍ രാജേന്ദ്രന്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ എം. മനോജ് എന്നിവരാണ് പരേഡിന്റെ വിധികര്‍ത്താക്കള്‍.
യോഗത്തില്‍ എ.ഡി.എം. ഇന്‍ ചാര്‍ജ് അന്‍വര്‍ സാദത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.കെ.നജീബ്, എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments