Skip to main content

കേരളത്തിൽ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 6) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്.

ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ഓറഞ്ച് അലർട്ട് സൂചിപ്പിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ഓഗസ്റ്റ് 7-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് തുടരും. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് മഞ്ഞ അലർട്ട് സൂചിപ്പിക്കുന്നത്.

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടസാധ്യതകൾ വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 3045/2026

date