Skip to main content

സംസ്ഥാന പോലീസിൽ ചരിത്രപരമായ മാറ്റവുമായി ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതി ആഗസ്റ്റ് 15 മുതൽ

ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന ജനാധിപത്യ പോലീസിങ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ പോലീസ് സംവിധാനത്തിലും സ്റ്റേഷനുകളിലും സമഗ്ര മാറ്റം വരുത്തുന്ന 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് ആഗസ്റ്റ് 15 മുതൽ തുടക്കം. പോലീസിനെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖഛായ മാറുമെന്നും ഇത് ചരിത്രപരമായ മാറ്റമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയോടനുബന്ധിച്ച്, മുൻപ് സർക്കിൾ ഇൻസ്പെക്ടർമാർ വഹിച്ചിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ചുമതല ഇനി മുതൽ സബ് ഇൻസ്പെക്ടർമാർക്ക് (എസ്ഐ) നൽകും. നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന യുവതീ-യുവാക്കളായ എസ്ഐമാർക്ക് പുതിയ ചുമതലകൾ ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും കൂടുതൽ ശക്തമാക്കും. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ 419 എണ്ണത്തിലാണ് സബ് ഇൻസ്പെക്ടർമാരെ എസ്എച്ച്ഒ മാരായി നിയമിക്കുന്നത്. അതേസമയം സിറ്റികളിലേതുൾപ്പെടെ മറ്റു പ്രാധാനപ്പെട്ട 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ തന്നെ എസ്എച്ച്ഒ മാരായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർമാരാണ് എസ്എച്ച്ഒ മാരാകാൻ പോകുന്നത് എന്നത് സവിശേഷമായ നേട്ടമാണ്. മുല്ലപ്പെരിയാറിന്റെ തന്ത്രപ്രധാനമായ പശ്ചാത്തലം കണക്കിലെടുത്ത് അവിടുത്തെ എസ്എച്ച്ഒ ചുമതല ഡി.വൈ.എസ്.പി. യ്ക്ക് ആയിരിക്കും. എസ്ഐ മാർക്ക് മാർഗനിർദേശം നൽകാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ രൂപീകരിക്കും. സ്റ്റേഷനുകളിൽ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി സേവനം നൽകി പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മർദ്ദനങ്ങളും  പൂർണമായി ഇല്ലാതാക്കും.

പുതിയ എസ്എച്ച്ഒ മാർക്കും സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടംഘട്ടമായി ഓറിയന്റേഷൻ പരിശീലനം നൽകും. സർക്കിൾ ഇൻസ്പെക്ടർമാർ മുതൽ മുകളിലേക്കുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കും ഡിവൈ.എസ്.പി മാർക്കും പ്രത്യേക പരിശീലനം നൽകും. കീഴുദ്യോഗസ്ഥരോടും പൗരന്മാരോടും നല്ല ബന്ധം പുലർത്താനും അനാവശ്യ സമ്മർദം മൂലമുള്ള ആത്മഹത്യകൾ ഒഴിവാക്കാനും സൂപ്പർവൈസറി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതുണ്ട്. ലോൺ ആപ്പ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാങ്കേതിക മാറ്റങ്ങൾ പഠിക്കുകയും ഐജി സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള സംവിധാനം പ്രയോജനപ്പെടുത്തുകയും ചെയ്യും.

സംസ്ഥാനത്ത് 20 വർഷമായി നിലനിൽക്കുന്ന 'ജനമൈത്രി സുരക്ഷാ പദ്ധതി' കൂടുതൽ കാര്യക്ഷമമാക്കും. പദ്ധതിയുടെ ഭാഗമായി റേഞ്ച് ഡിഐജി മാർ തങ്ങളുടെ പരിധിയിലുള്ള സ്റ്റേഷനുകളിൽ നിന്ന് സ്വതന്ത്രമായി ഫീഡ്ബാക്ക് ശേഖരിച്ച് മാസം തോറും വിലയിരുത്തലുകൾ നടത്തും. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എഡിജിപി (ലോ ആൻഡ് ഓർഡർ) ആയിരിക്കും 'മൈ പോലീസ് സ്റ്റേഷൻ' കോ-ഓർഡിനേറ്റർ. പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിക്കും.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതിയുടെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയിന്റടിക്കും. ഒക്ടോബർ 2 ഓടുകൂടി മന്ത്രി ഓഫീസും ഹൈടെക്കാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡിജിപി എ ഹേമചന്ദ്രനും സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്. 3047/2026

date