Skip to main content

'ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട്': ലഹരിക്കെതിരെ സ്‌നേഹത്തോടെയുള്ള പ്രതിരോധം വേണമെന്ന് മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ

ലഹരിവ്യാപനത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും പുതിയ തലമുറയെ ശാസനയിലൂടെയല്ല, സ്‌നേഹത്തോടെ ചേർത്തുവെച്ചാണ് ലഹരി വിപത്തിൽ നിന്ന് തിരികെ കൊണ്ടുവരേണ്ടതെന്നും ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിഷ് സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച തൂഫാൻ വാരിയേഴ്‌സ് കമ്മിറ്റിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങിൽ (നിഷ്) നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ലഭ്യത തടയാൻ നിയമപാലകരും എക്‌സൈസും ശക്തമായി ഇടപെടുമ്പോൾ തന്നെ, സമൂഹത്തിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ പൊതുജനങ്ങളും വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ചെറുപ്പക്കാരെയും കുട്ടികളെയും ലക്ഷ്യമിടുന്ന ലഹരി ശൃംഖലകൾക്കെതിരെ ജാഗ്രത പാലിക്കാനും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് രഹസ്യമായി കൈമാറി 'തൂഫാൻ വോളന്റിയർമാർ' ആകാനും മന്ത്രി നിർദേശിച്ചു.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ നിഷിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുൾ നാസർ ബി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാഹൻഷാ മുഖ്യപ്രഭാഷണം നടത്തി.

പി.എൻ.എക്‌സ്. 3049/2026

date