അടിയന്തര സാഹചര്യം നേരിടാൻ ആലുവ മണ്ഡലം പൂർണ്ണ സജ്ജം: അൻവർ സാദത്ത് എം.എൽ.എ *അടിയന്തര യോഗം ചേർന്നു
അതിതീവ്ര മഴ മൂലം അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ആലുവ മണ്ഡലം പൂർണ്ണ സജ്ജമാണെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
ആലുവ മണ്ഡലത്തിൽ പ്രകൃതി ക്ഷോഭങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട് ആലുവ പി ഡബ്യു ഡി റസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലുവ നിയോജകമണ്ഡലത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
2018-ലെ മഹാപ്രളയത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രതിരോധ തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കുന്നത്. ആ സമയത്ത് പ്രവർത്തിച്ച സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും സജ്ജമാക്കാൻ ബന്ധപ്പെട്ടവർക്ക് മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ട കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടത്താൻ തീരുമാനമായി.
റവന്യൂ, പോലീസ്, ഇറിഗേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
തോടുകളിലെയും പുഴകളിലെയും നീരൊഴുക്ക് സുഗമമാക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഏതെങ്കിലും സാഹചര്യത്തിൽ വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ പുനരധിവസിപ്പിക്കാനും എല്ലാവിധ സൗകര്യങ്ങളുമൊരുക്കാനും എല്ലാ വകുപ്പുകളും സജ്ജമായിരിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്ക് അനുയോജ്യമായ ഇടങ്ങൾ മുൻകൂട്ടി കണ്ടെത്തണം.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉടൻ തന്നെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സമാനമായ രീതിയിൽ ഏകോപന യോഗങ്ങൾ വിളിച്ച് ചേർക്കണമെന്നും എം എൽ എ നിർദേശിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, ആലുവ മുനിസിപ്പൽ ചെയർ പേഴ്സൺ സൈജി ജോളി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ, കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, ചൂർണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസി ജോർജ്, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജർലി കപ്രശ്ശേരി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ്, ആലുവ തഹസിൽദാർ ടിജോ ടി. ഫ്രാൻസിസ്, പോലീസ്, ഫയർ ആന്റ് റസ്ക്യൂ , ആരോഗ്യ, റവന്യൂ, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ്, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments