Skip to main content

സന്നദ്ധസേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കാൻ 'കരുതൽ കണ്ണൂർ' വരുന്നു   -ആലോചനായോഗം തിങ്കളാഴ്ച കളക്ടറേറ്റിൽ

 

ജില്ലയിലെ വിവിധങ്ങളായ സന്നദ്ധസേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ    'കരുതൽ കണ്ണൂർ' പദ്ധതി ഒരുങ്ങുന്നു. 

ദുരന്തമുഖങ്ങളിലെ സേവനം മുതൽ ഭക്ഷണ വിതരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇടപെടൽ, ആരോഗ്യ രംഗത്തെ സേവനം, കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, റോഡ് ഗതാഗതം ക്രമീകരിക്കാനുള്ള സഹായം, അശരണർക്ക് വേണ്ടിയുള്ള ഇടപെടൽ തുടങ്ങി സമസ്ത മേഖലകളിലും മനുഷ്യരുടെ കണ്ണീരൊപ്പാൻ വിവിധ സംഘടനകളായും ചെറു ഗ്രൂപ്പുകളായും വ്യക്തികളായും ഒഴുകുന്ന സന്നദ്ധ പ്രവർത്തനം ഏകോപിപ്പിച്ചു, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതിയാണ് കരുതൽ കണ്ണൂർ. 

ഇതുസംബന്ധിച്ച ആലോചനായോഗം ആഗസ്റ്റ് 10 വൈകീട്ട് നാലിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിക്കും. 

യുവജന സംഘടനകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് കൂട്ടായ്മ, ഫാർമസിസ്റ്റുകളുടെ കൂട്ടായ്മ, ടാക്സി ഉടമകളുടെ കൂട്ടായ്മ, ലോറി ഉടമകളുടെ കൂട്ടായ്മ, ലോട്ടറി വിൽപ്പനക്കാർ, തൊഴിലാളി സംഘടനകൾ, ലയൺസ്, റോട്ടറി, ഇന്നർവീൽ പോലുള്ള ക്ലബ്ബുകൾ എന്നിവയുടെയെല്ലാം പ്രതിനിധികൾക്ക് യോഗത്തിൽ പങ്കെടുക്കാം. 

സംഘടനകൾക്ക് പുറമെ, സന്നദ്ധപ്രവർത്തനത്തിൽ താൽപ്പര്യമുള്ള വ്യക്തികൾക്കും സ്പോൺസർമാരായ ആളുകൾ, സംഘടനകൾ എന്നിവർക്കും പങ്കെടുത്ത് ആശയങ്ങൾ പങ്കുവെക്കാം.

date