Skip to main content

ജില്ലാ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 25 മുതല്‍ 29 വരെ; സംഘാടക സമിതി രൂപീകരിച്ചു

 

തൃശൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 25 മുതല്‍ 29 വരെ വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനമായി. ഓഗസ്റ്റ് 25 ന് ഒന്നാം ഓണ ദിവസം തുടങ്ങി 29 ന് പുലിക്കളിയോടെ ഓണാഘോഷം സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് ജില്ലാതല ഓണാഘോഷ പരിപാടികളും വിവിധ കലാസന്ധ്യകള്‍ അരങ്ങേറുക. ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി കായിക, യുവജനക്ഷേമ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ചെയര്‍മാനായി ജില്ലയിലെ എം.പിമാരെയും എം.എല്‍.എമാരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംഘാടക സമിതി രൂപീകരിച്ചു.  

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, എം.പിമാരായ കെ. രാധാകൃഷ്ണന്‍, ബെന്നി ബെഹ്നാന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ മുഖ്യരക്ഷാധികാരികളാകും. ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറായും രാജന്‍ ജെ. പല്ലല്‍ എം.എല്‍.എ. കണ്‍വീനറായും പ്രവര്‍ത്തിക്കും. ജില്ലയിലെ എം.എല്‍.എമാര്‍ ചെയര്‍പേഴ്‌സണ്‍മാരായ വിവിധ ഉപസമിതികളും യോഗത്തില്‍ രൂപീകരിച്ചു.
 

യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. യോഗത്തില്‍ എം.എല്‍.എ.മാരായ കെ. രാജന്‍, സനീഷ്‌കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, രാജന്‍ ജെ. പല്ലന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ്, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, സിറ്റിപോലീസ് കമ്മീഷ്ണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ്, അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date