അന്താരാഷ്ട്ര യുവജന ദിനാഘോഷം നാളെ (ഓഗസ്റ്റ് 11)
അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 11) രാവിലെ 11ന് തിരുവനന്തപുരത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും (KSACS) കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെയും (KSBTC) സംയുക്ത ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിലാണ് പരിപാടി നടക്കുന്നത്.
യുവജനങ്ങളുടെ ആരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധവും മുൻനിർത്തിയാണ് പരിപാടി. യുവജനങ്ങളിൽ എച്ച് ഐ വി/ എയ്ഡ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അവബോധം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൽ യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും.
ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. പിയൂഷ് എം സ്വാഗതം ആശംസിക്കും. ഡോ. ശശി തരൂർ എം പി, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, എൻ എച്ച് എം ഡയറക്ടർ അനു എസ് നായർ, വാർഡ് കൗൺസിലർ എസ് ഷേർലി തുടങ്ങിയവർ ആശംസകളർപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി നന്ദി അറിയിക്കും.
പി.എൻ.എക്‌സ്. 3127/2026
- Log in to post comments